ചരിത്രത്തിൽ ഇടം കുറിച്ച് പന്നിയുടെ ഹൃദയം മനുഷ്യനിൽ: 57 കാരന്റെ ആരോഗ്യനില തൃപ്തികരം; വൈദ്യശാസ്ത്ര രംഗത്തെ പുതിയ തുടക്കത്തിൽ സന്തോഷം പങ്കുവെച്ച് ലോകം

0

വാഷിംഗ്ടൺ: വൈദ്യശാസ്ത്ര രംഗത്ത് വലിയ ചലനം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ലോകമിന്ന്. ആദ്യമായി പന്നിയുടെ ഹൃദയം മനുഷ്യനിൽ വെച്ച് പിടിപ്പിച്ചാണ് വൈദ്യശാസ്ത്ര രംഗത്ത് പുതിയ തുടക്കം കുറിച്ചിരിക്കുന്നത്. അമേരിക്കയിലെ മേരിലാൻഡ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലാണ് ശസ്ത്രക്രിയ നടന്നത്. ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഇതിനായി ഉപയോഗിച്ചത്. മേരിലാൻഡ് സ്വദേശിയായ ഡേവിഡ് ബെനറ്റ് എന്ന 57 കാരനിലാണ് ശസ്ത്രക്രിയ നടന്നത്. ഹൃദ്രോഗിയായ ബെനറ്റ് ശസ്ത്രക്രിയയ്‌ക്ക് ശേഷം സുഖം പ്രാപിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

അവയവ ക്ഷാമം പരിഹരിക്കുന്നതിൽ നിർണ്ണായക ചുവടുവെപ്പാണിതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ഏഴ് മണിക്കൂർ നീണ്ട നിർണ്ണായകവും സങ്കീർണ്ണവുമായ ശസ്ത്രക്രിയ ആയിരുന്നു ഇത്. തിങ്കളാഴ്‌ച്ചയാണ് ശസ്ത്രക്രിയ നടന്നത്. ജനിതക മാറ്റം വരുത്തിയ മൃഗങ്ങളുടെ അവയവം മനുഷ്യരിലും പ്രവർത്തിക്കുമെന്ന് തെളിഞ്ഞതായി ശസ്ത്രക്രിയയ്‌ക്ക് മേൽനോട്ടം നൽകിയ ഡോക്ടർമാർ പറഞ്ഞു.

ബെനറ്റിന് പരീക്ഷണം വിജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ലായിരുന്നു. മനുഷ്യ ഹൃദയത്തിനായി ദിവസങ്ങളോളം കാത്തുനിന്നിരുന്നു. ഒന്നുകിൽ മരിക്കുക, അല്ലെങ്കിൽ ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം ഉടൻ തന്നെ ട്രാൻസ്പ്ലാന്റ് ചെയ്യുക എന്ന വഴിമാത്രമെ മുന്നിലുണ്ടായിരുന്നുള്ളൂ എന്ന് അദ്ദേഹത്തിന്റെ മകൻ മാധ്യമങ്ങളോട് പറഞ്ഞു.

അടുത്ത കുറച്ച് ആഴ്‌ച്ചകൾ വളരെ നിർണ്ണായകമാണെന്ന് ഡോക്ടർ ബാഡ്‌ലി ഗ്രിഫ്ത്ത് അറിയിച്ചു. വൈദ്യശാസ്ത്ര രംഗത്ത് പുത്തൻ നേട്ടമാണ് കൈവരിക്കാനായിരിക്കുന്നത്. ബെനറ്റന്റെ ആരോഗ്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. ഇതുവരെ ആരോഗ്യപരമായ പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയിൽ അവയവങ്ങൾക്ക് കാത്ത് നിൽക്കുന്നത് കാരണം ദിവസവും 17 പേർ മരിക്കുന്നുവെന്നാണ് കണക്ക്. ശസ്ത്രക്രിയ പൂർണ്ണ വിജയമാണെങ്കിൽ കൂടി ബെനറ്റിന്റെ വരും ദിവസങ്ങളിലെ ബെനറ്റിന്റെ ആരോഗ്യത്തെ അനുസരിച്ചിരിക്കും തുടർന്നുള്ള കാര്യങ്ങൾ. ഇത് പ്രവർത്തിക്കുകയാണെങ്കിൽ ദുരിതം അനുഭവിക്കുന്ന നിരവധി പേർക്ക് കൈതാങ്ങാവും ഈ നേട്ടമെന്ന് ആശുപത്രി ഡയറക്ടർ പറഞ്ഞു.

Leave a Reply