ഒരു മാസത്തോളം പഴക്കം; മീനിൽ പുഴു; തിരുവനന്തപുരത്ത് 800 കിലോ അഴുകിയ മീന്‍ പിടിച്ചെടുത്ത് കുഴിച്ചുമൂടി

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുകയാണ്. തിരുവനന്തപുരത്ത് നിന്ന് 800 കിലോയോളം അഴുകിയ മീൻ ആരോഗ്യ പ്രവർത്തകർ പിടികൂടി. നെയ്യാറ്റിൻകര കാരക്കോണത്ത് റോഡരികിൽ ഇരുന്ന് വിൽക്കുന്നവരിൽ നിന്നാണ് മീൻ പിടികൂടിയത്. പിടിച്ചെടുത്ത മീൻ ആരോഗ്യവകുപ്പ് കുഴിച്ചുമൂടി. തമിഴ്നാട് കേരള അതിർത്തി പ്രദേശമായ കൂനൻപനയിലാണ് റോഡരികിലായി മീൻകച്ചവടം നടന്നത്.

മീൻ വാങ്ങിയവർ പുഴുവിനെ കണ്ടതോടെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മീനിന് ഏകദേശം ഒരു മാസത്തോളം പഴക്കമുള്ളതായി കണ്ടെത്തി. മീനിൽ രാസവസ്തുവും ഉപയോഗിച്ചിട്ടുണ്ട്. പിന്നാലെ പഞ്ചായത്തിന് ആരോഗ്യപ്രവർത്തകർ നോട്ടീസ് നൽകിയിട്ടുണ്ട്. വഴിയരികിൽ ഗതാഗതം തടസ്സപ്പെടുത്തി നടത്തുന്ന കച്ചവടത്തിനെതിരെ നാട്ടുകാരും പഞ്ചായത്തിൽ പരാതി നൽകിയിരിക്കുകയാണ്.

സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പും തദ്ദേശീയ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗവും നടത്തിയ പരിശോധനയിൽ കിലോ കണക്കിന് പഴകിയ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയിരുന്നു. പന്ത്രണ്ട് ഹോട്ടലുകൾ പൂട്ടിച്ചിരുന്നു. അതേസമയം ഹോട്ടലുകളെ ഓരോ കാറ്റഗറികളായി തിരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു. ഈ മാസം അവസാനത്തോടെ ഈ സംവിധാനം പ്രാബല്യത്തിൽ വരും.

LEAVE A REPLY

Please enter your comment!
Please enter your name here