സിഗരറ്റ്‌ വാങ്ങിയ പണം നല്‍കാത്തതിന്റെ പേരില്‍ മര്‍ദനമേറ്റു ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു

0

വരാപ്പുഴ: സിഗരറ്റ്‌ വാങ്ങിയ പണം നല്‍കാത്തതിന്റെ പേരില്‍ മര്‍ദനമേറ്റു ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു. വാണിയക്കാട്‌ കണ്ടന്‍തറ വീട്ടില്‍ സുധന്റെ മകന്‍ മനു എന്നു വിളിക്കുന്ന മനോജ്‌ (41) ആണ്‌ ഇന്നലെ രാവിലെ മരിച്ചത്‌. കളമശേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്‌ച വൈകിട്ടാണ്‌ മനുവിനെ വാണിയക്കാട്‌ ബിവറേജസ്‌ ഷോപ്പിനു സമീപം കട നടത്തുന്ന പനച്ചിക്കപ്പറമ്പില്‍ സുരേന്ദ്രന്റെ മകന്‍ സജ്‌ജന്‍ (52), ഇയാളുടെ അനുജന്‍ സാജു (48), സുഹൃത്ത്‌ കുടത്തിപ്പാടം നാരായണന്റെ മകന്‍ ബിജു (50) എന്നിവര്‍ ചേര്‍ന്നു മര്‍ദിച്ചത്‌.
സജ്‌ജന്റെ കടയില്‍നിന്നു സിഗരറ്റ്‌ വാങ്ങിയ ഇനത്തില്‍ 35 രൂപ മനു നല്‍കാനുണ്ടായിരുന്നു. ഇതിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനൊടുവില്‍ സാജുവും കൂട്ടുകാരനും ചേര്‍ന്ന്‌ മര്‍ദിക്കുകയുമായിരുന്നുവെന്നാണ്‌ കേസ്‌. ഗുരുതരമായി പരുക്കേറ്റ മനുവിനെ വീട്ടുകാര്‍ പറവൂര്‍ താലൂക്കാശുപത്രിയിലും തുടര്‍ന്ന്‌ കളമശേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വാരിയെല്ല്‌ ഒടിഞ്ഞ നിലയിലായിരുന്നു.
സംഭവത്തില്‍ സാജുവിനെയും സുഹൃത്തിനെയും പോലീസ്‌ നേരത്തേ തന്നെ കസ്‌റ്റഡിയില്‍ എടുത്തിരുന്നു. ഒളിവിലായിരുന്ന സജ്‌ജനും പോലീസ്‌ കസ്‌റ്റഡിയിലായിട്ടുണ്ട്‌. ഡ്രൈവറായ മനോജ്‌ അവിവാഹിതനാണ്‌. സംസ്‌കാരം ഇന്ന്‌ വൈകിട്ട്‌ അഞ്ചിനു തോന്ന്യകാവ്‌ ശ്‌മശാനത്തിന്‍ നടക്കും. പറവൂര്‍ ഇന്‍സ്‌പെക്‌ടര്‍ ഷോജോ വര്‍ഗീസിനാണ്‌ അനേ്വഷണച്ചുമതല. മാതാവ്‌: സരള. സഹോദരങ്ങള്‍: ബേബി, സിനോജ്‌.

Leave a Reply