ഹജ്ജ് ചെയ്യാൻ മലപ്പുറത്ത് നിന്നും നടന്ന് പോകാനൊരുങ്ങുകയാണ് ഒരു യുവാവ്

0

മലപ്പുറം: ഹജ്ജ് ചെയ്യാൻ മലപ്പുറത്ത് നിന്നും നടന്ന് പോകാനൊരുങ്ങുകയാണ് ഒരു യുവാവ്. വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലെ ചേലമ്പാടൻ ശിഹാബാണ് കാൽനടയായി യാത്ര ചെയ്ത് ഹജ്ജ് ചെയ്യാനൊരുങ്ങുന്നത്. ശിഹാബിന്റെ വീട്ടിൽ നിന്നും 8,640 കിലോമീറ്ററാണ് മക്കയിലേക്ക്. 280 ദിവസം വരുന്ന കാൽനടയാത്ര ജൂൺ രണ്ടിന് തുടങ്ങും.

മാതാവ് സൈനബയോടാണ് ശിഹാബ് ആദ്യം ആ ആഗ്രഹം പറഞ്ഞത്: ‘എനിക്ക് നടന്നുപോയിത്തന്നെ ഹജ്ജ് ചെയ്യണം’. ‘പടച്ച തമ്പുരാനേ, മക്കവരെ നടക്കാനോ?’, സൈനബ കേട്ടപാട് അമ്പരന്നെങ്കിലും അടുത്ത നിമിഷം ‘ഓക്കെ’യായി: ‘മോൻ പൊയ്‌ക്കോ’. ഭാര്യ ഷബ്‌നയും അതു ശരിവെച്ചു. അങ്ങനെയാണ് ശിഹാബ് ചോറ്റൂർ എന്ന ഇരുപത്തൊമ്പതുകാരൻ കാൽനടയായി ഹജ്ജിനുപോകാൻ തീരുമാനിച്ചത്. ഇതറിഞ്ഞ് ചിലർ ചോദിച്ചു: ‘നിനക്കെന്താ പ്രാന്താണോ?’ അവരോട് ശിഹാബ് ഒന്നു മന്ദഹസിച്ചു; ‘ഇനി പിന്നോട്ടില്ല. പടച്ചോന്റെ കൃപയുണ്ടെങ്കിൽ യാത്ര വിജയിക്കും…’

അന്നുമുതൽ ഒൻപതു മാസമായി ശിഹാബ് യാത്രയുടെ ആസൂത്രണത്തിൽതന്നെയായിരുന്നു. വാഗാ അതിർത്തി വഴി പാകിസ്താൻ, ഇറാൻ, ഇറാഖ്, കുവൈത്ത് എന്നിവിടങ്ങളിലൂടെ സൗദിയിലേക്ക് പ്രവേശിക്കാൻ വഴി തയ്യാറാക്കി. ബെംഗളൂരുവിലുള്ള ഹസീബ് വഴി അഞ്ച്‌ രാജ്യങ്ങളുടെയും വിസ ശരിയാക്കി.
‘പാകിസ്താനിലേക്ക് വിസ കിട്ടാനായിരുന്നു വലിയ ബുദ്ധിമുട്ട്’- ശിഹാബ് പറഞ്ഞു. രേഖകൾ ശരിയാക്കാൻ റംസാൻകാലത്തുൾപ്പെടെ 40-ലേറെ ദിവസങ്ങൾ ജ്യേഷ്ഠൻ അബ്ദുൾ മനാഫിനൊപ്പം ഡൽഹിയിൽ തങ്ങി. ഇ.ടി. മുഹമ്മദ് ബഷീർ എം.പി.യുടെയും കുറുക്കോളി മൊയ്തീൻ എം.എൽ.എ.യുടെയും സഹായം കിട്ടി. പ്രവാസി സംഘടനയായ കേരള മുസ്ലിം കൾച്ചറൽ സെന്ററും(കെ.എം.സി.സി.) സഹായിച്ചു. ആദ്യമായാണ് രാജ്യത്തുനിന്നൊരാൾ ഇങ്ങനെയൊരു യാത്രയ്ക്കായി ബന്ധപ്പെടുന്നതെന്ന് വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

മണിക്കൂറിൽ ഏഴു കിലോമീറ്റർ വരെ നടക്കാനാകുന്നുണ്ടെന്ന് ഉറപ്പുവരുത്തി. ഒരു വർഷത്തേക്കാണ് വിസ. കാലാവധി നീട്ടാം. എട്ടു മാസംകൊണ്ട് യാത്ര പൂർത്തിയാക്കാനാണ് പ്ലാൻ. സൗദിയിൽചെന്നശേഷം 2023-ലെ ഹജ്ജിന് അപേക്ഷിക്കും.
‘നടന്നുപോയി ഹജ്ജുചെയ്യുക ചെറിയപ്രായംമുതലുള്ള ആഗ്രഹാണ്’- ശിഹാബ് പറഞ്ഞു. പ്ലസ്ടു, അക്കൗണ്ടൻസി കോഴ്‌സുകൾ കഴിഞ്ഞശേഷം സൗദിയിൽ ആറു വർഷം ജോലി ചെയ്തു ശിഹാബ്. അക്കാലത്ത് ഉംറ ചെയ്തിട്ടുണ്ടെങ്കിലും ഹജ്ജ് ചെയ്തിട്ടില്ല. സൗദിയിൽനിന്ന് വന്നശേഷം നാട്ടിൽ സൂപ്പർമാർക്കറ്റ് തുടങ്ങി. പത്തു കിലോ മാത്രം ഭാരംവരുന്ന സാധനങ്ങളാണ് യാത്രയിൽ കൂട്ട്. നാലു സെറ്റ് കനം കുറഞ്ഞ വസ്ത്രങ്ങൾ, സ്ലീപ്പിങ് ബാഗ്, കുട തുടങ്ങി അത്യാവശ്യസാധനങ്ങൾമാത്രം. ഭക്ഷണത്തിനും അന്തിയുറക്കത്തിനും ആരാധനാലയങ്ങളെയും മറ്റും ആശ്രയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here