അസമിലെ പ്രളയക്കെടുതി വിലയിരുത്താന്‍ കിലോമീറ്ററുകള്‍ ചെളിയിലൂടെ നടന്ന് യുവ ഐഎഎസ് ഉദ്യോഗസ്ഥ

0

ഗുവാഹത്തി: ഡല്‍ഹിയില്‍ ഐഎഎസ് ദമ്പതികള്‍ക്ക് വളര്‍ത്തുനായയുമായി നടക്കാന്‍ കായിക താരങ്ങളെ സ്‌റ്റേഡിയത്തില്‍ നിന്ന് ഒഴിപ്പിപ്പിച്ച നടപടി വിാദമായതിനു പിന്നാലെ അസമില്‍ നിന്നുള്ള യുവ ഐഎഎസ് ഉദ്യോഗസ്ഥയുടെ കര്‍ത്തവ്യബോധവും വാര്‍ത്തകളില്‍ നിറയുന്നു. അസമിലെ പ്രളയബാധിത മേഖലകളില്‍ ആശ്വാസമെത്തിക്കാന്‍ ചച്ചാറിലെ ഡെപ്യൂട്ടി കമ്മീഷണര്‍ കീര്‍ത്തി ജല്ലി എത്തിയതാണ് വാര്‍ത്തയ്ക്കാധാരം.

ചെളിയില്‍ പുതഞ്ഞ റോഡിലൂടെ കിലോമീറ്ററുകള്‍ നടന്നാണ് കീര്‍ത്തി ജല്ലി ഓരോ സ്ഥലത്തുമെത്തിയത്. ജോലിയോടുള്ള അവരുടെ സമര്‍പ്പണത്തെ സമൂഹ മാധ്യമങ്ങളില്‍ വലിയ അഭിനന്ദനമാണ് ഏറ്റുവാങ്ങുന്നത്.

ബോര്‍ഖോല ബ്ലോക്കിലെ ഛേസ്‌റി ഗ്രാമപഞ്ചായത്തിലാണ് ഈ മാസം 25ന് ഉദ്യോഗസ്ഥര്‍ക്കൊപ്പം കീര്‍ത്തി ജല്ലി സന്ദര്‍ശനത്തിനെത്തിയത്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലുംമൂലം ചെളിയില്‍ പുതഞ്ഞ റോഡിലൂടെ വാഹനങ്ങള്‍ പോകാതെ വന്നതോടെ അവര്‍ നടന്നുതന്നെ ദുരിതബാധിതരുടെ അടുക്കലെത്തുകയായിരുന്നു.

ദുരിതാശ്വാസ ക്യാംപുകളിലെത്തി ആളുകള്‍ക്ക് അത്യാവശ്യ സാധനങ്ങളും അവര്‍ വിതരണം ചെയ്തു. അവര്‍ക്ക് കാലുകഴുകാന്‍ ശുദ്ധജലവുമായി അധികൃതര്‍ എത്തിയപ്പോള്‍ മഴവെള്ളത്തില്‍ കാലുകഴുകാമെന്ന അവര്‍ പറയുന്ന വീഡിയോയും വൈറലായിട്ടുണ്ട്.

ഡല്‍ഹിയില്‍ മുതിര്‍ന്ന ഐഎഎസ് ദമ്പതികള്‍ക്കു വേണ്ടി കായിക താരങ്ങളുടെ പരിശീലന സമയം വെട്ടിക്കുറച്ചത് വിവാദമായിരുന്നു. ഇതേതുടര്‍ന്ന് ദമ്പതികളെ കേന്ദ്രസര്‍ക്കാര്‍ ലഡാക്കിലേക്കും അരുണാചല്‍ പ്രദേശിലേക്കുമായി സ്ഥലംമാറ്റുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here