ഒരാഴ്ച മുൻപ് വീടിനു സമീപം ഗൃഹനാഥൻ മരിച്ച നിലയിൽ കാണപ്പെട്ടത് കൊലപാതകമാണെന്നു തെളിഞ്ഞു

0

ഹരിപ്പാട് ∙ ഒരാഴ്ച മുൻപ് വീടിനു സമീപം ഗൃഹനാഥൻ മരിച്ച നിലയിൽ കാണപ്പെട്ടത് കൊലപാതകമാണെന്നു തെളിഞ്ഞു. കുമാരപുരം താമല്ലാക്കൽ വടക്ക് പുത്തൻ പുരയിൽ ഷാജി(54)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി താമല്ലാക്കൽ വടക്ക് കൊച്ചു വീട്ടിൽ രാജീവിനെ(48) പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഷാജിയുടെ മൃതദേഹം 21ന് രാവിലെ വീടിനു സമീപം മതിലിനോട് ചേർന്ന് കാണപ്പെടുകയായിരുന്നു.
മൃതദേഹത്തിന് മൂന്നു ദിവസത്തോളം പഴക്കമുണ്ടായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിരുന്നു. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. വീഴ്ചയിലുണ്ടായ മുറിവാകാമെന്നു സംശയം തോന്നിയതിനാൽ കൂടുതൽ അന്വേഷണം നടത്തിയില്ല.

മരണത്തിൽ ചിലർ സംശയം പ്രകടപ്പിച്ചതിനെ തുടർന്ന് രഹസ്യാന്വേഷണ വിഭാഗവും പൊലീസും അന്വേഷണം തുടങ്ങിയിരുന്നു. 18ന് രാവിലെ രാജീവിന്റെ സഹോദരിയുടെ പുരയിടത്തിൽ നിന്നു ഷാജി കരിക്ക് ഇട്ടതിനെച്ചൊല്ലി രാജീവുമായി തർക്കമുണ്ടായി. വൈകിട്ട് മദ്യപിച്ചെത്തിയ ഷാജി രാജീവിന്റെ വീട്ടിൽചെന്നു ബഹളമുണ്ടാക്കുകയും ചെയ്തു.

രാത്രി മതിലിനു മുകളിൽ കയറിയിരുന്നു ബഹളം വച്ചതിനെ തുടർന്ന് അവിടെക്കിടന്ന കമ്പ് എടുത്ത് ഷാജിയുടെ തലയ്ക്ക് രാജീവ് അടിച്ചതാണ് മരണ കാരണമെന്നു പൊലീസ് പറഞ്ഞു. ഷാജി താഴെ വീണ് കിടക്കുന്നത് കണ്ടിട്ടും രാജീവ് ആരെയും അറിയിച്ചില്ല. 21ന് മൃതദേഹത്തിൽ നിന്നു ദുർഗന്ധം വന്നതിനെ തുടർന്നാണ് പൊലീസ് എത്തിയത്. ഷാജിയെ അടിച്ച കമ്പ് സമീപത്തെ കുളത്തിൽ നിന്നു പൊലീസ് കണ്ടെടുത്തു. സിഐ ബിജു വി.നായർ, എസ്ഐ എസ്. രാജീവ് കുമാർ, എഎസ്ഐ അബ്ദുൾ സത്താർ, സിപിഒമാരായ എ. നിഷാദ്, നിസാമുദീൻ, വനിതാ സിവിൽ പൊലീസ് ഓഫിസർ മഞ്ജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply