“റിഹേഴ്‌സലും പ്രണയവും വിരഹവും വേര്‍പിരിയലും സസ്‌പെന്‍സും ട്വിസ്‌റ്റുകളുമെല്ലാം ഉള്‍പ്പെടുന്ന കുടുംബചിത്രം പോലെ ഒരു വിവാഹം

0

“റിഹേഴ്‌സലും പ്രണയവും വിരഹവും വേര്‍പിരിയലും സസ്‌പെന്‍സും ട്വിസ്‌റ്റുകളുമെല്ലാം ഉള്‍പ്പെടുന്ന കുടുംബചിത്രം പോലെ ഒരു വിവാഹം. ആത്മഹത്യക്കുള്ള ആലോചനപോലും അതിലുണ്ടായിരുന്നു…” സ്വന്തം വിവാഹത്തെപ്പറ്റി കെ.പി.എ.സി. ലളിത ഒരിക്കല്‍ ചുരുക്കിപ്പറഞ്ഞത്‌ ഇങ്ങനെ.
നടി ശ്രീവിദ്യയെ ഭരതന്‍ പ്രേമിച്ച കാലത്താണ്‌ ഇരുവരും പരിചയപ്പെട്ടത്‌. ശ്രീവിദ്യയുമായി ഫോണില്‍ സംസാരിക്കാനായിരുന്നു ലളിതയുടെ വീട്ടിലെത്തിയിരുന്നത്‌. കൊടൈക്കനാലില്‍ ഹരിപോത്തന്‍ സംവിധാനം ചെയ്‌ത ‘രാജഹംസം’ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ്‌ അവര്‍ പിരിഞ്ഞത്‌. അതിന്റെ കാരണം അറിയാമായിരുന്നിട്ടും ലളിത ഒരിക്കലും പുറത്തുപറഞ്ഞില്ല.
ഷൂട്ടിങ്ങെല്ലാം അവസാനിച്ചശേഷം ഭരതന്‍ മദ്രാസിലെത്തി സ്വന്തം താമസസ്‌ഥലത്തേക്കു പോകാതെ നേരെയെത്തിയതു ലളിതയുടെയടുത്തേക്ക്‌. വന്നയുടന്‍ പറഞ്ഞു “അല്ല, നമുക്കിത്‌ സീരിയസായി എടുക്കാം…”
രണ്ടുമാസത്തിനുശേഷം യാഥാസ്‌ഥിതികരായ ഭരതന്റെ കുടുംബക്കാരോട്‌ വിവാഹക്കാര്യത്തില്‍ പാതി സമ്മതം വാങ്ങിയെങ്കിലും പിന്നീടവര്‍ ഉടക്കി. വീട്ടുകാരുടെ മനസുമാറുന്നതുവരെ കാത്തിരിക്കാമെന്ന തീരുമാനത്തില്‍ പിരിഞ്ഞെങ്കിലും ഇടയ്‌ക്ക്‌ ആത്മഹത്യവരെ ചെയ്‌താലോ എന്ന്‌ ആലോചിച്ചിട്ടുണ്ടെന്നു ലളിത പറഞ്ഞിട്ടുണ്ട്‌.
1978 മേയ്‌ 21 എന്ന തീയതി ലളിതയ്‌ക്ക്‌ ഒരിക്കലും മറക്കാന്‍ കഴിയില്ല. ഷൂട്ടിങ്ങിനായി ലളിത തമ്പാനൂര്‍ ജാസ്‌ ഹോട്ടലിലാണു താമസം. ഭരതനും അപ്പോഴേക്കും കറങ്ങിത്തിരിഞ്ഞു തിരുവനന്തപുരത്ത്‌ എത്തി. തോപ്പില്‍ ഭാസിയുടെ മകന്‍ അജയന്‍, പത്മരാജന്‍, നികുഞ്‌ജം കൃഷ്‌ണന്‍ നായര്‍ എന്നിവര്‍ക്കൊപ്പം നികുഞ്‌ജം ഹോട്ടലില്‍ താമസം.
മേയ്‌ 21നു ഷൂട്ടിങ്‌ കഴിഞ്ഞതിനു പിന്നാലെ ഹോട്ടലില്‍ എത്താന്‍ ലളിതയോടു പറഞ്ഞു. വന്നപാടെ നാലുപേരും പറഞ്ഞു. നാളെയാണു വിവാഹം! 22നു ഷൂട്ട്‌ ഉണ്ടായിരുന്നിട്ടും ‘അത്യാവശ്യമായി വീട്ടില്‍ പോകണ’മെന്നു പറഞ്ഞാണ്‌ സെറ്റില്‍നിന്നു മുങ്ങിയത്‌.
വിവാഹം കഴിഞ്ഞു നേരെയെത്തിയത്‌ കനകക്കുന്ന്‌ കൊട്ടാരത്തില്‍ സിനിമയുടെ ഷൂട്ടിങ്‌ സെറ്റിലേക്കാണ്‌. ഷൂട്ടിങ്‌ കഴിഞ്ഞു പിറ്റേന്നു നികുഞ്‌ജം കൃഷ്‌ണന്‍ നായരുടെ വീട്ടിലേക്ക്‌. അവിടേക്കു രജിസ്‌ട്രാറെ വിളിച്ചുവരുത്തിയായിരുന്നു രജിസ്‌ട്രേഷന്‍. തിരിച്ചെത്തുമ്പോഴേക്കും ഷൂട്ടിങ്ങ്‌ എല്ലാം നിര്‍ത്തിവച്ച്‌ കനകക്കുന്ന്‌ കൊട്ടാരം വിവാഹ പാര്‍ട്ടിയുടെ ‘മൂഡി’ലേക്കു മാറിയിരുന്നു. ഒരുക്കങ്ങള്‍ നടത്തിയത്‌ സംവിധായകന്‍ ശശികുമാറും. കാര്യങ്ങള്‍ ശുഭമായി അവസാനിച്ചെങ്കിലും ആരോ പറഞ്ഞു പത്രങ്ങളിലെല്ലാം വാര്‍ത്ത വന്നു. ഭരതന്റെയും ലളിയുടെയും സിനിമയിലെ ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്തു വിവാഹ ഫോട്ടോയും ചിലര്‍ നല്‍കി! ഭരതന്റെ വീട്ടില്‍ കാര്യങ്ങളെല്ലാം അറിഞ്ഞു. ലളിതയുടെ വീട്ടില്‍നിന്നു കാര്യമായ എതിര്‍പ്പില്ല. താലി കെട്ടിയിട്ടില്ല, രജിസ്‌ട്രേഷന്‍ മാത്രമേ നടത്തിയിട്ടുള്ളൂ എന്നാണു ഭരതന്‍ വീട്ടില്‍ അറിയിച്ചത്‌.
നിലമ്പൂരില്‍ ഐ.വി. ശശിയുടെ ‘അനുഭവങ്ങളേ നന്ദി’യുടെ ഷൂട്ടിങ്ങിനിടെ ചെറുതുരുത്തി ഗസ്‌റ്റ്‌ ഹൗസിലെ ഒന്നാം നമ്പര്‍ മുറിയിലേക്കാണു ഭരതന്റെ അച്‌ഛനും അമ്മയും സഹോദരിമാരുമൊക്കെ ലളിതയെ പെണ്ണുകാണാന്‍ എത്തിയത്‌. പെണ്ണുകാണലിനു പിന്നാലെ ജൂണ്‍ രണ്ടിനു ഗുരുവായൂരില്‍വച്ചു വിവാഹം നടത്താമെന്നു നിശ്‌ചയിച്ചു. ജൂണ്‍ രണ്ടിനു വീണ്ടുമൊരു താലികെട്ടും കല്യാണവും സദ്യയും. ഭരതന്‍-ലളിത ദാമ്പത്യത്തിന്റെ തുടക്കം പോലെ സിനിമാക്കഥയെ വെല്ലുന്ന തരത്തിലായിരുന്നു

Leave a Reply