തൃക്കാക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ മൂന്നുവയസ്സുള്ള പെണ്‍കുട്ടിയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0

കോലഞ്ചേരി: തൃക്കാക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ മൂന്നുവയസ്സുള്ള പെണ്‍കുട്ടിയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും ശരീരത്തിന്റെ പല ഭാഗങ്ങളിലും സാരമായി പരിക്കേറ്റ കുട്ടി കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ന്യൂറോ സര്‍ജിക്കല്‍ ഐ.സി.യു.വിലാണ്.

കാക്കനാട് തെങ്ങോട് വാടകയ്ക്ക് താമസിക്കുന്ന 38-കാരിയുടെ മകളെയാണ് ഞായറാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ദേഹത്ത് ഗുരുതര മുറിവുള്ളതിനാല്‍ മുതിര്‍ന്ന ആരോ മനപ്പൂര്‍വം ചെയ്തതാണെന്ന നിഗമനത്തിലാണ് പോലീസ്. എന്നാല്‍, കുട്ടി ഹൈപ്പര്‍ ആക്ടീവാണെന്നും സ്വയം പരിക്കേല്‍പ്പിച്ചതാണെന്നുമാണ് അമ്മ പറയുന്നത്. തൃക്കാക്കര സി.ഐ. ആര്‍. ഷാബുവിന്റെ നേതൃത്വത്തില്‍ അമ്മ ഉള്‍പ്പെടെയുള്ള ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. സ്വയം ചെയ്തതാണെന്ന് അമ്മ മൊഴി നല്‍കിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ ദേഹത്തെ മുറിവുകളുടെ പഴക്കം പരിഗണിച്ച് ചികിത്സ വൈകിപ്പിച്ചെന്ന സംശയത്തില്‍ അമ്മയുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.

പെണ്‍കുട്ടിയുടെ നില ഗുരുതരമെന്ന് കുട്ടിയെ ചികിത്സിക്കുന്ന കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. 72 മണിക്കൂര്‍ കഴിഞ്ഞാലേ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുമോ എന്നു പറയാനാകൂ എന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്ന ഡോ. വര്‍ഗീസ് എബ്രഹാം പറഞ്ഞു.

Leave a Reply