അമ്പലപ്പുഴ: പുറക്കാട് കരുരിൽ വ്യാജ മദ്യ നിര്‍മ്മാണ കേന്ദ്രത്തില്‍ റെയ്ഡ്. ആയിരത്തിലധികം മദ്യം നിറച്ചകുപ്പികളും സ്പിരിറ്റും പിടികൂടി. കരൂർ കാഞ്ഞൂർ മഠം ക്ഷേത്രത്തിനു സമീപത്തെ വാടകവീട്ടില്‍ വ്യാജമദ്യ നിര്‍മാണം നടക്കുന്നതായി അമ്പലപ്പുഴ പോലീസിനു കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.
കുപ്പിനിറക്കുന്ന യന്ത്രവും മദ്യം നിറച്ച് വില്‍പ്പനക്ക് തയ്യാറാക്കിയ ആയിരത്തിലേറെ ബോട്ടിലുകളും പതിനായിരത്തിലധികം കാലിക്കുപ്പികളും കണ്ടെടുത്തു.ബാറുകളില്‍ വില്‍പ്പനക്ക് തയാറാക്കിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്.
പ്രതികളെ കുറിച്ചുള്ള സൂചന പോലീസിനു ലഭിച്ചതായി അറിയുന്നു. നേരത്തെ ആൾത്താമസമില്ലാതിരുന്ന വീട്ടിൽ ഇപ്പോൾ രണ്ടു യുവാക്കൾ വാടകയ്ക്കു താമസിക്കുന്നുണ്ടായിരുന്നതായി പോലീസ് പറയുന്നു.
സ്വകാര്യ പാക്കിംഗ് സ്ഥാപനത്തിലെ ജീവനക്കാരാണെന്നാണ് ഇവർ പറഞ്ഞിരുന്നത്.എന്നാൽ, കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. പിന്നീട് ഇന്നലെ അമ്പലപ്പുഴ ഡി വൈ എസ്.പി.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് പരിശോധന നടത്തുകയായിരുന്നു.
ഒരു പെട്ടിയിൽ പന്ത്രണ്ടെണ്ണം വച്ചു നിരവധി പെട്ടികളിലാണ് ഇവ സൂക്ഷിച്ചിരുന്നത് .മുന്തിയ ഇനങ്ങളായ ഡാഡി വിൽസൺ, എം.സി എന്നിവയുടെ ലേബലുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
എന്നാല്‍, വീട് വാടകക്കെടുത്തവരുടെ പേരുവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
വടക്കേ ഇന്ത്യയില്‍ ജോലിയുള്ള ചമ്പക്കുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വീടാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പരിസരത്ത് എവിടെയോ പ്രവര്‍ത്തിച്ചിരുന്ന വ്യാജമദ്യ നിര്‍മാണ കേന്ദ്രത്തില്‍ പോലീസ് പരിശോധന നടക്കുമെന്ന രഹസ്യവിവരമറിഞ്ഞാണ് ആളൊഴിഞ്ഞ വീട്ടിലേക്കു യന്ത്രവും മറ്റു സാധനങ്ങളും ഒളിപ്പിച്ചതെന്നും നാട്ടുകാര്‍ പറയുന്നു.
ഇവിടെ ഒരു വീട് കേന്ദ്രീകരിച്ചു വ്യാജമദ്യനിര്‍മ്മാണം നടക്കുന്നതായി നേരത്തെതന്നെ പോലീസിനു വിവരം നല്‍കിയിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. അമ്പലപ്പുഴ ഡി വൈ എസ് പി .സുരേഷ് കുമാർ എസ് റ്റി ഒപ്പം സി .ഐ ദ്വിജേഷ്, എസ്ഐ ബൈജു ,എഎസ്ഐമാരായ എസ്.ഷൈല കുമാർ, സജിമോൻ, എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടന്നു. കൂടാതെ ജനപ്രതിനിധികളും നാട്ടുകാരും സഹായത്തിനെത്തിയിരുന്നു.