സംസ്ഥാനത്തെ പതിനാലായിരത്തിലധികം റേഷൻ കടകളിൽ ഒരു വിഭാഗം അടുത്ത മാസം മുതൽ സ്മാർട്

0

തിരുവനന്തപുരം ∙ സംസ്ഥാനത്തെ പതിനാലായിരത്തിലധികം റേഷൻ കടകളിൽ ഒരു വിഭാഗം അടുത്ത മാസം മുതൽ സ്മാർട്. ജനങ്ങൾക്ക് മറ്റു സേവനങ്ങൾ കൂടി ലഭ്യമാക്കുന്ന സ്മാർട് റേഷൻ കടകളുടെ പ്രവർത്തനം മേയ് 20നു മുൻപ് ആരംഭിക്കും. സ്ഥലവും സൗകര്യവുമുള്ള എണ്ണൂറോളം കട ഉടമകൾ താൽപര്യം അറിയിച്ചിരുന്നു. അന്തിമ വിലയിരുത്തലിനായി ഈയാഴ്ച മന്ത്രി ജി.ആർ.അനിലിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും.

റേഷൻ കടകളിലെ ഇ പോസ് യന്ത്രം വഴി ബാങ്കിങ് സൗകര്യം നൽകുന്നതാണു പ്രധാന സവിശേഷത. ഇതിനായി നാലു ബാങ്കുകൾ താൽപര്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ എടിഎം വലുപ്പത്തിലുള്ള റേഷൻ കാർഡുകളിൽ ഇതിനായി ചിപ്പ് ഘടിപ്പിക്കേണ്ടി വരും. വൈദ്യുതി – വാട്ടർ ബില്ലുകൾ അടയ്ക്കാനുള്ള സൗകര്യം, മാവേലി സ്റ്റോർ സമീപമല്ലാത്ത ഗ്രാമങ്ങളിലെ റേഷൻ കടകളിൽ അത്തരം സാധനങ്ങളുടെ വിതരണം എന്നിവയാണ് മറ്റു സേവനങ്ങൾ. ഒരു വർഷത്തിനകം ആയിരം കടകളിലേക്ക് ഈ സേവനം വ്യാപിപ്പിക്കുമെന്നു മന്ത്രി ജി.ആർ.അനിൽ ‘മനോരമ’യോടു പറഞ്ഞു.

സഞ്ചരിക്കുന്ന റേഷൻ കടകൾ വഴി ആദിവാസി ഊരുകളിലേക്കു റേഷൻ സാധനങ്ങൾ എത്തിക്കുന്ന പദ്ധതി 36 ഊരുകളിലേക്കു വ്യാപിപ്പിക്കും. പാറശാല മണ്ഡലത്തിലെ അമ്പൂരി പഞ്ചായത്തിലെ ഊരുകളിൽ ആരംഭിച്ചു കൊണ്ടു പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വിഷുദിനത്തലേന്നു നടത്തി. 28ന് കണ്ണൂർ ആറളം ഫാമിനു സമീപത്തെ വിവിധ ഊരുകളിൽ പദ്ധതി ആരംഭിക്കും. പദ്ധതിക്കായി വാഹനം ലഭ്യമാക്കാൻ എംഎൽഎമാരുടെ സഹായവും തേടുമെന്നു മന്ത്രി പറഞ്ഞു. 35 കിലോ സാധനങ്ങൾ ലഭിക്കുന്ന എഎവൈ (മഞ്ഞ) റേഷൻ കാർഡ് ഉടമകൾ പലപ്പോഴും കടകളിൽ എത്താൻ പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് ഇവ വീട്ടിലെത്തിക്കാനുള്ള പദ്ധതി.

LEAVE A REPLY

Please enter your comment!
Please enter your name here