ഭാരതപ്പുഴയോരത്ത് പുതിയ ദേശാടകനായി ‘ടെറക് മണലൂതി’ പക്ഷിയെ കണ്ടെത്തി

0

പട്ടാമ്പി: ഭാരതപ്പുഴയോരത്ത് പുതിയ ദേശാടകനായി ‘ടെറക് മണലൂതി’ പക്ഷിയെ കണ്ടെത്തി. യൂറോപ്പിൽ ഫിൻലൻഡ് മുതൽ സൈബീരിയ വരെയുള്ള ഭാഗത്ത് പ്രജനനം നടത്തുന്ന പക്ഷിയായ ‘ടെറക് മണലൂതി’ തൃത്താല മേഖലയിലെ ഭാരതപ്പുഴയുടെ തീരത്തുള്ള നെൽവയലിലാണ് ദേശാടകനായെത്തിയത്. യൂറോപ്പിൽനിന്ന് മഞ്ഞുകാലത്ത് ദേശാടനത്തിനിറങ്ങി ആഫ്രിക്ക, ഓസ്ട്രേലിയ, ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് സഞ്ചരിക്കുന്ന പക്ഷി കേരളത്തിൽ പലയിടത്തും എത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ ലോകമെമ്പാടുമുള്ള പക്ഷിനിരീക്ഷകർ അവരുടെ കണ്ടെത്തലുകൾ രേഖപ്പെടുത്തുന്ന വെബ്സൈറ്റായ ഇ-ബേർഡിൽനിന്നുള്ള വിവരപ്രകാരം ഇത് പാലക്കാട് ജില്ലയിൽ ആദ്യമാണ്. കാസ്പിയൻ സമുദ്രതീരത്തുള്ള ടെറക് നദീതടത്തിൽനിന്നാണ് ഈ പക്ഷിയെ ആദ്യമായി കണ്ടെത്തുന്നത് എന്നതിനാൽ ഇതിന് ഇംഗ്ലീഷിൽ ‘ടെറക് സാൻഡ് പൈപ്പർ’ എന്നാണ് പേരിട്ടിരിക്കുന്നത്. മലയാളം പേര് ‘ടെറക് മണലൂതി’ എന്നുമാണ്.

മുകളിലേക്ക് വളഞ്ഞുനിൽക്കുന്ന കൊക്കാണ് ഇതിന്റെ എടുത്തുപറയേണ്ട പ്രത്യേകത. കാലുകൾ ഓറഞ്ച് നിറത്തിലാണ്. പുറംഭാഗം ഇളം തവിട്ടും അടിഭാഗം വെളുത്ത നിറത്തിലുമായിരിക്കും. 22 മുതൽ 25 സെന്റീമീറ്റർ വരെ ശരീര നീളമുണ്ടാവും. വെള്ളമുള്ള പ്രദേശത്ത് ഇരതേടുന്ന ഇവ ചെറുജീവികളെ ഭക്ഷണമാക്കുന്നു. കടൽത്തീരങ്ങളിലാണ് ഇവയെ പൊതുവേ കൂടുതലായി കാണാറുള്ളത്. നിലത്ത് ഓടിനടന്ന് ഇരതേടുന്നതാണ് ഇവയുടെ ശീലം. പക്ഷിനിരീക്ഷകരായ ഷിനോ ജേക്കബ് കൂറ്റനാട്, എം.എസ്. നോവൽ കുമാർ എന്നിവരുടെ നിരീക്ഷണത്തിലാണ് ഈ പക്ഷിയെ കണ്ടെത്തിയതും ചിത്രം പകർത്തിയതും.

Leave a Reply