കമ്പനി കേസില്‍ കുടുക്കി; വിദേശത്ത് ജയിലിലായി കൊടുവള്ളി സ്വദേശി, സഹായം തേടി കുടുംബം പാണക്കാട്ട്

0

വിദേശത്ത് ജയിലിലുള്ള കൊടുവള്ളി സ്വദേശി ഷിജുവിന്‍റെ മോചനത്തിന് സഹായം തേടി കുടുംബം പാണക്കാട്ടെത്തി. തമിഴ്നാട് സ്വാദേശിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഷിജു യൂഎഇ ഫുജൈറ ഖൽബ ജയിലിൽ കഴിയുന്നത്. അമ്മയുടെ ഏക മകനാണ് ഷിജു. ഭാര്യയും നാല് കുട്ടികളുമുള്ള ഷിജുവാണ് ഇവരുടെ കുടുംബത്തിന്‍റെ ഏക ആശ്രയം. ദുബൈയിൽ അൽ സുൽത്താൻ ഇലക്ട്രോ മെക്കാനിക്കലിൽ എ.സി മെക്കാനിക്കായി ജോലി ചെയ്തുവരുന്നതിനിടെയാണ് കൂടെ ജോലി ചെയ്യുന്ന തമിഴ്നാട് റാണിപ്പെട്ട് സ്വദേശി അരവിന്ദന്‍റെ മരണമുണ്ടാവുന്നത്.

ഷിജുവിന്‍റെ അശ്രദ്ധമൂലം ഷോക്കേറ്റാണ് അരവിന്ദൻ മരിച്ചതെന്നാണ് കേസുണ്ടായത്.രക്ഷപ്പെടുത്താനെന്ന വ്യാജേനെ കമ്പനി ഷിജുവിനെ കേസിൽ കുടുക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു കേസിന്‍റെ കാര്യങ്ങൾക്കെന്ന് പറഞ്ഞ് നിരവധി രേഖകളിൽ ഒപ്പ് വെപ്പിച്ചു. പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചപ്പോഴാണ് ഇത് കുറ്റസമ്മത മൊഴിയായിരുന്നുവെന്ന് ഷിജു മനസ്സിലാക്കുന്നത്. ഇപ്പോള്‍ ഒരു വർഷത്തോളമായി ഷിജു ജയിലിൽ കഴിയുകയുകയാണ്.

മോചനത്തിനായി മരിച്ച അരവിന്ദന്‍റെ കുടുംബത്തിന് ഇന്ത്യൻ രൂപ 40 ലക്ഷം ധനസഹായം നല്‍കണമെന്നാണ് യൂഎഇ സുപ്രീം കോടതി വിധിച്ചിട്ടുള്ളത്.കമ്പനിക്ക് ഇൻഷുറൻസ് ഇല്ലെന്ന് മനസിലാക്കിയതോടെ മരിച്ച അരവിന്ദന്‍റെ കുടുംബം കൂടുതല്‍ ധനസഹായം ആവശ്യപെട്ട് നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ്. സഹായിക്കാമെന്ന ഉറപ്പ് പാണക്കാടുനിന്നും കിട്ടിയതിന്‍റെ ആശ്വസത്തിലാണ് ഇപ്പോള്‍ ഷിജുവിന്‍റെ കുടുംബം.

Leave a Reply