സച്ചിന്‍-ആര്യ വിവാഹം ഒരു മാസത്തിനുശേഷം

0

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശേരി എം.എല്‍.എ. സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹനിശ്‌ചയം നടന്നു. ഇന്നലെ രാവിലെ 11 മണിക്ക്‌ എ.കെ.ജി. സെന്ററിലായിരുന്നു വിവാഹനിശ്‌ചയം.
ഇരുവരുടെയും അടുത്തബന്ധുക്കളും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മാത്രമാണു ലളിതമായ ചടങ്ങില്‍ പങ്കെടുത്തത്‌. ഒരുമാസത്തിനു ശേഷം വിവാഹം നടക്കും.
സച്ചിന്‍ എസ്‌.എഫ്‌.ഐ. സംസ്‌ഥാന സെക്രട്ടറിയും സി.പി.എം. കോഴിക്കോട്‌ ജില്ലാ കമ്മിറ്റി അംഗവുമാണ്‌. ആര്യ എസ്‌.എഫ്‌.ഐ. സംസ്‌ഥാനസമിതി അംഗവും പാര്‍ട്ടി ചാല ഏരിയാകമ്മിറ്റി അംഗവുമാണ്‌. രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ മേയറും കേരള നിയമസഭയിലെ പ്രായം കുറഞ്ഞ എം.എല്‍.എയും വിവാഹിതരാകുന്നുവെന്ന പ്രത്യേകതയുമുണ്ട്‌. ബാലസംഘം, എസ്‌.എഫ്‌.ഐ. കാലഘട്ടം മുതല്‍ ഇരുവരും സുഹൃത്തുക്കളാണ്‌. തിരുവനന്തപുരം ഓള്‍ സെയിന്റ്‌സ്‌ കോളജില്‍ വിദ്യാര്‍ഥിയായിരിക്കെയാണ്‌ ആര്യ തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വിജയിച്ചത്‌.
എസ്‌.എഫ്‌.ഐ. സംസ്‌ഥാന സെക്രട്ടറിയായിരിക്കെയാണ്‌ സച്ചിന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്‌. പ്രചാരണത്തിന്‌ താരപ്രചാരകയായി ആര്യയും എത്തിയിരുന്നു. നിയമബിരുദധാരിയായ അദ്ദേഹം, കോഴിക്കോട്‌ നെല്ലിക്കോട്‌ സ്വദേശിയാണ്‌. കോഴിക്കോട്‌ ഗവ. ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജ്‌ ചെയര്‍മാനായിരുന്നു.

Leave a Reply