കൊച്ചി: ട്രെയിൻ വരുന്നതിന് മുന്നോടിയായി പതിവ് പരിശോധനക്ക് ഇറങ്ങിയ എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെ മെക്കാനിക്കൽ ജീവനക്കാരിക്ക് മറ്റൊരു ട്രെയിൻ എൻജിൻ തട്ടി ഗുരുതര പരിക്ക്. കോട്ടയം വെള്ളൂർ വടകര ജിസ് ഭവനിൽ ജിസിെൻറ ഭാര്യ എൻ.കെ. ധന്യക്കാണ് (35) പരിക്കേറ്റത്. ഇവരുടെ ഇടതുകാലും വലതുകാലിെൻറ രണ്ട് വിരലും മുറിച്ചുമാറ്റി. ശനിയാഴ്ച പുലർച്ച 4.25നാണ് സംഭവം.
ബാംഗ്ലൂർ-കൊച്ചുവേളി എക്സ്പ്രസ് എറണാകുളം ജങ്ഷനിൽ എത്തുന്നതിനുമുമ്പ് ട്രാക്കിൽ റോളിങ് പരിശോധനക്ക് ഇറങ്ങിയതാണ് ധന്യ. ഒന്നാം പ്ലാറ്റ്ഫോമിലേക്കാണ് ട്രെയിൻ വന്നത്. റോളിങ് ഷെഡിൽ ഇരുന്ന ഇവർ റോളിങ് നോക്കാൻ ഒന്നാം പ്ലാറ്റ്ഫോമിലേക്ക് പോകുേമ്പാൾ അപ്രതീക്ഷിതമായി ഒന്നാം പ്ലാറ്റ്ഫോമിലൂടെ വന്ന ട്രെയിൻ എൻജിനാണ് ഇടിച്ചത്. എതിർഭാഗത്തുനിന്ന് വന്ന എൻജിൻ കാണാൻ പറ്റിയില്ലെന്ന് ധന്യയുടെ സഹപ്രവർത്തകർ പറഞ്ഞു.
അഞ്ച് മിനിറ്റിനുശേഷം സഹപ്രവർത്തകർ എത്തുേമ്പാൾ ട്രാക്കിൽ പരിക്കേറ്റ് കിടക്കുന്ന അവസ്ഥയിലായിരുന്നു ഇവർ. രണ്ടുപേർ ആദ്യം റോളിങ് ഷെഡിൽനിന്ന് ട്രെയിൻ നോക്കാൻ ഒന്നാം പ്ലാറ്റ്ഫോമിലേക്ക് പോയിരുന്നു. ഇവരുടെ പിന്നാലെയാണ് ധന്യയും നീങ്ങിയത്. വീണുകിടന്ന ഇവരെ 10 മിനിറ്റിനകം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചു.
ഒന്നര വർഷമായി എറണാകുളത്ത് ജോലി നോക്കുകയാണ് ധന്യ. കെ.എസ്.എഫ്.ഇ കലക്ഷൻ ഏജൻറാണ് ധന്യയുടെ ഭർത്താവ് ജിസ്. രണ്ട് മക്കളുണ്ട്.
English summary
A mechanical worker at the Ernakulam Junction railway station was hit by another train engine and seriously injured.