തിരുവനന്തപുരം: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ഇത്തവണ പോസ്റ്റൽ വോട്ട് ഉണ്ടായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കോവിഡ് രോഗികളുടെയും ക്വാറന്റൈൻ ഉളളവരുടെയും പട്ടിക തയ്യാറാക്കും. തെരഞ്ഞെടുപ്പിന് പത്ത് ദിവസം മുൻപ് തയ്യാറാക്കുന്ന ഈ പട്ടിക അനുസരിച്ചാണ് പോസ്റ്റൽ ബാലറ്റ് അനുവദിക്കുകയെന്നും കമ്മീഷണർ വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് തയ്യാറാക്കുന്ന പട്ടിക ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും അവിടെ നിന്ന് അതിന്റെ ഒരു പകർപ്പ് റിട്ടേണിങ് ഓഫീസേഴ്സിനും കൈമാറും. അതിൽ വരുന്നവരുടെ വിശദാംശങ്ങൾ അനുസരിച്ച് പോസ്റ്റൽ ബാലറ്റ് പ്രത്യേക പോളിങ് ഓഫീസറും ഒരു പ്രത്യേക പോളിങ് അസിസ്റ്റന്റും പൊലീസുകാരനും അടങ്ങുന്ന സ്പെഷ്യൽ പോളിങ് ടീം കോവിഡ് രോഗികളുടെ വീട്ടിലെത്തി ബാലറ്റ് കൈമാറും. ഇവരെ സ്പെഷ്യൽ വോട്ടറെന്നാണ് വിളിക്കുക.
സ്പെഷ്യൽ പോളിങ് ഓഫീസർക്ക് മുമ്പാകെ വോട്ടർ സത്യപ്രസ്താവന ഒപ്പിട്ട് നൽകുന്നത് ഉൾപ്പെടെയുളള നടപടിക്രമങ്ങൾക്ക് ശേഷം വോട്ട് രേഖപ്പെടുത്താം. തുടർന്ന് ബാലറ്റ് പേപ്പർ കവറിലാക്കി നൽകണം. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് ബാലറ്റ് പേപ്പറുകളായിരിക്കും ഉണ്ടായിരിക്കുക. മൂന്നൂം പ്രത്യേക കവറുകളിൽ സത്യവാങ്മൂലത്തിന് ഒപ്പം നൽകണം. ബാലറ്റ് പേപ്പർ കൈമാറാൻ താത്പര്യമില്ലെങ്കിൽ തപാൽ മാർഗം അയക്കാം
ബാലറ്റ് എത്തിക്കുന്ന കാര്യം വോട്ടറെ അറിയിക്കും. ഇത്തരത്തിൽ ബാലറ്റ് കൊണ്ടുവരുന്നതിന് തുക ഈടാക്കില്ല. വോട്ടെടുപ്പിന് തലേന്ന് മൂന്നു മണി വരെ കോവിഡ് രോഗികളാകുന്നവർക്കാണ് ഈ സൗകര്യം. അതിന് ശേഷം കോവിഡ് പോസിറ്റീവായാൽ അവർക്ക് വേണ്ടി അവസാന ഒരു മണിക്കൂർ നീക്കി വെക്കും.
വൈകീട്ട് ആറിന് മറ്റ് വോട്ടർമാർ എല്ലാവരും വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാത്രം ഇവർക്ക് വോട്ട് ചെയ്യാൻ അനുവാദം നൽകുമെന്നും കമ്മീഷണർ പറഞ്ഞു. കോവിഡ് രോഗികൾ വൈകീട്ട് ആറിന് മുൻപ് പോളിങ് സ്റ്റേഷനിൽ എത്തണം. ആറിന് ക്യൂ ഉണ്ടെങ്കിൽ അവരെല്ലാം വോട്ട് ചെയ്തതിന് ശേഷം മാത്രമേ കോവിഡ് രോഗിക്ക് വോട്ട് ചെയ്യാൻ സാധിക്കൂ. കോവിഡ് രോഗി വോട്ട് ചെയ്യുന്നതിന് മുമ്പ് പോളിങ് സ്റ്റേഷനിലുളളവർ പിപിഇ കിറ്റ് ധരിക്കണം. വോട്ട് ചെയുന്നതിന് മുമ്പും തിരിച്ചറങ്ങുമ്പോഴും കൈകൾ അണു വിമുക്തമാക്കണം. വോട്ട് ചെയ്യാനെത്തുന്ന കോവിഡ് രോഗികൾ പിപിഇ കിറ്റ് ധരിക്കണം. പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തുന്ന വ്യക്തിയെ സംബന്ധിച്ച് പോളിങ് ഏജന്റിന് സംശയം തോന്നിയാൽ കിറ്റ് അഴിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് രോഗികൾ വോട്ട് ചെയ്ത് പോയതിന് ശേഷം പോളിങ് സ്റ്റേഷൻ അണു വിമുക്തമാക്കും. മറ്റ് കിടപ്പു രോഗികൾക്ക് ഈ സൗകര്യം ഉണ്ടാകില്ല.
പോസ്റ്റൽ ബാലറ്റുകാർക്ക് കൈയിൽ മഷി പുരട്ടില്ല. വേറൊരു ജില്ലയിൽ കഴിയുന്ന കോവിഡ് രോഗിക്ക് വേണ്ടി അതാത് ജില്ലാ കലക്ടർമാർ വിവരം ശേഖരിച്ച് അതാത് റിട്ടേണിങ് ഓഫീസർക്ക് കൈമാറും ഇവർക്ക് പോസ്റ്റൽ ബാലറ്റ് തപാൽ മാർഗം അയക്കാൻ സൗകര്യമൊരുക്കും. കോവിഡ് വന്ന് ആശുപത്രികളിൽ കഴിയുന്നവർ ലിസ്റ്റിൽ ഉൾപ്പെട്ടാൽ അവർക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം ഉണ്ടാകും.ഡിസംബർ രണ്ട് മുതൽ ബാലറ്റ് വിതരണം നടക്കുമെന്നും വി ഭാസ്കരൻ വ്യക്തമാക്കി. പോസ്റ്റൽ ബാലറ്റിനുള്ള ഫോറം കമ്മീഷന്റെ വെബ്സൈറ്റിൽ ലഭിക്കും.
English summary
A list of Kovid patients and those with quarantine will be prepared. The postal ballot is based on this list prepared ten days before the election