സുഹൃത്തിനൊപ്പം കടല്‍ കാണാനെത്തിയ കുമരകം സ്വദേശിയെ കാണാതായെന്ന്‌ പരാതി

0

സുഹൃത്തിനൊപ്പം കടല്‍ കാണാനെത്തിയ കുമരകം സ്വദേശിയെ കാണാതായെന്ന്‌ പരാതി. കുമരകം പഞ്ചായത്ത്‌ നാലാം വാര്‍ഡില്‍ ആപ്പീത്ര ഭാഗത്ത്‌ പുത്തന്‍പുര പരേതനായ വിശ്വംഭരന്റെ മകന്‍ അമലി(സുനി-24)നെയാണ്‌ കാണാതായത്‌. ആലപ്പുഴ കാട്ടൂര്‍ തീരത്ത്‌ ഇന്നലെ പുലര്‍ച്ച 1.30ന്‌ ശേഷമാണ്‌ സംഭവം.
ഇയാള്‍ തിരമാലയില്‍പ്പെട്ടതായാണ്‌ സംശയം. ഒപ്പമുണ്ടായിരുന്ന കുമരകം 15-ാം വാര്‍ഡില്‍ പുത്തന്‍പറമ്പില്‍ കൊച്ചുമോന്റെ മകന്‍ ഉണ്ണിക്കുട്ടനില്‍നിന്ന്‌ ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ അന്വേഷണം. സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നതിങ്ങനെ:നാട്ടില്‍ പെയിന്റിങ്ങും പത്രവിതരണവും നടത്തിവരികയായിരുന്നു അമല്‍. ബംഗളരുവില്‍ ജോലിയുള്ള ഉണ്ണിക്കുട്ടന്‍ നാട്ടിലെത്തിയിട്ട്‌ ദിവസങ്ങളേ ആയുള്ളു.
മദ്യപിച്ച ശേഷം കുമരകത്തുനിന്ന്‌ ആലപ്പുഴ കാട്ടൂര്‍ ജങ്‌ഷന്‌ പടിഞ്ഞാറുള്ള തീരത്ത്‌ അര്‍ധരാത്രിയോടെ എത്തിയ ഇരുവരും കടലില്‍ കുളിച്ചശേഷം തീരത്ത്‌ ഉറങ്ങാന്‍ കിടന്നു. പുലര്‍ച്ചെ ഉണ്ണിക്കുട്ടന്‍ ഉണര്‍ന്നപ്പോള്‍ അമലിനെ കണ്ടില്ല. ഉറങ്ങിയ സ്‌ഥലത്ത്‌ അമലിന്റെ ഫോണും ചെരുപ്പുകളും ഉണ്ടായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച്‌ മണ്ണഞ്ചേരിയില്‍നിന്ന്‌ പോലീസെത്തി.
അമല്‍ കടലില്‍ അകപ്പെട്ടതാകാമെന്ന സംശയത്തില്‍ പോലീസ്‌ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ തെരച്ചില്‍ നടത്തിയെങ്കിലും വിഫലമായി. രക്ഷാപ്രവര്‍ത്തനത്തിന്‌ നാവിക സേന, കോസ്‌റ്റ്‌ഗാഡ്‌, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ എന്നിവരുടെ സഹായം തേടി. കടല്‍ക്ഷോഭവും മഴയും തെരച്ചിലിന്‌ തിരിച്ചടിയായി. തീരത്ത്‌ ഓരോ 50 മീറ്റര്‍ അകലത്തില്‍ പുലിമുട്ടുകള്‍ ഉള്ളതാണ്‌ പ്രധാന തടസം.

LEAVE A REPLY

Please enter your comment!
Please enter your name here