ചങ്ങനാശേരി: കുറിച്ചി സ്വദേശിയായ യുവാവിനെ സൗത്ത് ആഫ്രിക്കയില്‍നിന്ന് അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെ കാണാതായതായി കപ്പല്‍ കമ്പനി അധികൃതര്‍.
കുറിച്ചി ഔട്ട് പോസ്റ്റിനു സമീപം വലിയിടത്തറ ജസ്റ്റിന് കുരുവിളയെ(30)യാണ് കാണാതായത്. ബന്ധുക്കള്‍ ഇന്നലെ രാവിലെ ചിങ്ങവനം പോലീസിനു പരാതി നല്കി. ജസ്റ്റിന് നാലു വര്‍ഷം മുമ്പാണ് സ്ട്രീം അറ്റ്ലാന്റിക്ക് എന്ന കപ്പലില്‍ അസിസ്റ്റന്റ് കുക്കായി ജോലിക്കുകയറിയത്. കഴിഞ്ഞ 31 നാണു കപ്പല്‍ ദക്ഷിണാഫ്രിക്കയില്‍നിന്നു പുറപ്പെട്ടത്, 23 നാണ് അമേരിക്കന്‍ തീരത്തെത്തുക. യാത്രയ്ക്കിടെ ജസ്റ്റിനെ കാണാതായെന്നാണു കപ്പല്‍ അധികൃതര്‍ ബുധനാഴ്ച രാവിലെ ജസ്റ്റിന്റെ സഹോദരനെ ഫോണില്‍ ബന്ധപ്പെട്ട് അറിയിച്ചത്. പിന്നാലെ, ഉച്ചയോടെ ഇ-മെയിലും ലഭിച്ചു. ഞായറാഴ്ചയാണ് ജസ്റ്റിന് അവസാനമായി ബന്ധുക്കളെ വിളിച്ചത്.