സംയുക്ത സൈനികമേധാവി സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിയിൽ തകർന്നു വീണു, നാല് മൃതദേഹങ്ങൾ കിട്ടി; ഹെലികോപ്ടറിലുണ്ടായിരുന്ന ഉന്നതഉദ്യോഗസ്ഥർ ആരായിരുന്നുവെന്നോ എത്ര പേർ ഹെലികോപ്ടറിലുണ്ടെന്നോ വ്യക്തമല്ല

0

ഊട്ടി: ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ഊട്ടിയിലേക്ക് പോകുകയായിരുന്ന ഹെലികോപ്ടർ കൂനൂരിൽ തകർന്നു വീണു. സുലൂർ വ്യോമകേന്ദ്രത്തിൽ നിന്നും പറന്നുയർന്ന ഹെലികോപ്ടറാണ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ ഊട്ടിക്കും കൂനൂരിനും ഇടയിലായി അപകടത്തിൽപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം. ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും ഹെലികോപ്ടറിലുണ്ടായിരുന്നുവെന്നാണ് വിവരം.

ഹെലികോപ്ടറിലുണ്ടായിരുന്ന ഉന്നതഉദ്യോഗസ്ഥർ ആരായിരുന്നുവെന്നോ എത്ര പേർ ഹെലികോപ്ടറിലുണ്ടെന്നോ വ്യക്തമല്ല. നാലോളാം പേരെ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് സൂചന. രാജ്യത്തെ തന്നെ വളരെ പ്രമുഖനായ ഒരു സൈനിക ഉദ്യോഗസ്ഥൻ ഹെലികോപ്ടറിലുണ്ടായിരുന്നുവെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുവെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ സൈന്യം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹെലികോപ്ടറിൽ 14 പേരുണ്ടായിരുന്നുവെന്നും നാല് മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നും വാർത്താ ഏജൻസികൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആറ് സൈനിക ഉദ്യോഗസ്ഥരും ഹെലികോപ്ടറിലുമ്ടായിരുന്നു. ബിപിൻ റാവത്തിൻ്റേയോ അദ്ദേഹത്തിൻ്റെ ഭാര്യയുടേയോ നിലവിലെ ആരോഗ്യനില സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ സൈന്യം തന്നിട്ടില്ല. ഒരുപക്ഷേ ദില്ലിയിൽ നിന്നും ഔദ്യോഗിക പ്രതികരമുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്.

സംയുക്ത സൈനികമേധാവി സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിയിൽ തകർന്നു വീണു, നാല് മൃതദേഹങ്ങൾ കിട്ടി; ഹെലികോപ്ടറിലുണ്ടായിരുന്ന ഉന്നതഉദ്യോഗസ്ഥർ ആരായിരുന്നുവെന്നോ എത്ര പേർ ഹെലികോപ്ടറിലുണ്ടെന്നോ വ്യക്തമല്ല 1

അതേസമയം അപകടവിവരം പുറത്തു വന്നതിന് പിന്നാലെ ദില്ലിയിൽ സർക്കാർ തലത്തിൽ തിരക്കിട്ട കൂടിയാലോചനകൾ ആരംഭിച്ചതായി വാർത്തകൾ വരുന്നുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകടത്തിൻ്റെ വിശദാംശങ്ങൾ ധരിപ്പിച്ചു. കേന്ദ്രമന്ത്രിസഭയുടെ അടിയന്തര യോഗം അൽപസമയത്തിനകം ദില്ലിയിൽ ചേരും എന്ന വിവരവും പുറത്തു വരുന്നുണ്ട്. ഉദ്യോഗസ്ഥ തലത്തിൽ രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന വിവിഐപി എന്ന് വിശേഷിപ്പിക്കാവുന്നയാളാണ് സംയുക്തസൈനിക മേധാവിയായ ബിപിൻ റാവത്ത്. മുൻകരസേനാ മേധാവിയായിരുന്ന അദ്ദേഹത്തെ വിരമിക്കുന്നതിന് തൊട്ടുമുൻപാണ് കേന്ദ്രസർക്കാർ പ്രഥമ സംയുക്ത സൈനിക മേധാവിയായി നിയമിച്ചത്.

Leave a Reply