Monday, July 26, 2021

മോഷണംപോയ ആംബുലൻസിന്റെ അതേ നമ്പരിൽ ഓടിയിരുന്ന വ്യാജ ആംബുലൻസ് പിടികൂടി

Must Read

കൊട്ടാരക്കര :മോഷണംപോയ ആംബുലൻസിന്റെ അതേ നമ്പരിൽ കൊട്ടാരക്കരയിൽ ഓടിയിരുന്ന വ്യാജ ആംബുലൻസ് പിടികൂടി. പഴയ ആംബുലൻസ് ഉടമ ചിരട്ടക്കോണം ഷിബുഭവനിൽ ഷിബുവാണ് തന്റെ മോഷണംപോയ ആംബുലൻസിന്റെ അതേ നമ്പരിലുള്ള മറ്റൊരെണ്ണം കണ്ടെത്തിയത്. ഇഞ്ചക്കാട് സ്വദേശിയാണ് ഷിബുവിന്റെ ആംബുലൻസിന്റെ നമ്പരിൽ വ്യാജ ആംബുലൻസ് പിടികൂടി പോലീസിനു കൈമാറിയത്.

ഇതിനെത്തുടർന്ന്‌ ചിരട്ടക്കോണത്തെത്തിയ അക്രമിസംഘം ഷിബുവിനെ മർദിക്കുകയും വടിവാൾ കാട്ടി വധഭീഷണി മുഴക്കുകയും ചെയ്തു.

അക്രമിസംഘമെത്തിയ മൂന്നുവാഹനങ്ങളിൽ ഒരെണ്ണം കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു. 2017-ലാണ് ഷിബുവിന്റെ ആംബുലൻസ് മോഷണംപോയത്.

ഇതുസംബന്ധിച്ച പരാതി ഷിബു പോലീസിനു നൽകിയിരുന്നു. ഈ ആംബുലൻസിന്റെ രേഖകൾ കൈക്കലാക്കിയാണ് ഇഞ്ചക്കാട് സ്വദേശി വ്യാജ ആംബുലൻസ് ഇറക്കിത്. പഴയ ഓമ്‌നി വാൻ ആംബുലൻസാക്കി മാറ്റുകയായിരുന്നു. രണ്ടുദിവസംമുൻപ്‌ പുത്തൂർമുക്കിലാണ് മോഷണംപോയ ആംബുലൻസിന്റെ അതേ നമ്പരിൽ മറ്റൊരു ആംബുലൻസ് ഷിബു കാണുന്നത്. വാഹനം തടയുകയും പിടികൂടുകുയും ചെയ്തു. തുടർന്നാണ് ഷിബുവിനുനേരേ ആക്രമണവും ഭീഷണിയുമുണ്ടായത്. ഒരു ആംബുലൻസിലും രണ്ടു കാറുകളിലുമായി ചിരട്ടക്കോണത്തെത്തിയ പന്ത്രണ്ടംഗ സംഘം ഷിബുവിനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. കൊട്ടാരക്കര പട്ടണത്തിലെ ആംബുലൻസുകളിൽ പരിശോധന നടത്തിയ പോലീസ് രേഖകളില്ലാത്ത മൂന്ന് ആംബുലൻസുകൾ പിടിച്ചെടുത്തു.

ആംബുലൻസ് മറയാക്കി സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ

കൊട്ടാരക്കര :സാമൂഹികവിരുദ്ധപ്രവർത്തനങ്ങൾക്ക് ആംബുലൻസ് മറയാക്കുന്ന സംഘം കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്നു. മാഫിയ പോലെ പ്രവർത്തിക്കുന്ന ഇക്കൂട്ടർ എതിർക്കുന്നവരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരികടത്തിന് ആംബുലൻസുകൾ മറയാക്കുന്നതായി പോലീസിന് വിവരം ലഭിച്ചെങ്കിലും പരിശോധനകളുണ്ടാകുന്നില്ല. കോവിഡ് കാലത്ത് ആംബുലൻസുകളിൽ പരിശോധനയില്ലാത്തത് ഇവർക്ക് കൂടുതൽ സൗകര്യമാകുന്നു. നിയമപരമായ രേഖകളില്ലാത്ത നിരവധി ആംബുലൻസുകൾ കൊട്ടാരക്കരയിലുണ്ട്. മിക്ക വാഹനങ്ങളുടെയും എൻജിൻ നമ്പരും ഷാസി നമ്പരും വ്യത്യസ്തമാണെന്ന് ആംബുലൻസ് ഡ്രൈവർമാർതന്നെ ചൂണ്ടിക്കാട്ടുന്നു.

അപകടത്തിൽപ്പെട്ടു നശിച്ച വാഹനങ്ങളുടെ രേഖകൾ കൈക്കലാക്കിയാണ് വ്യാജ ആംബുലൻസുകളിറക്കുന്നത്. ഫിറ്റ്‌നെസ് പരിശോധനാവേളയിൽ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ കർശനപരിശോധന നടത്താതെ സർട്ടിഫിക്കറ്റ് നൽകുകയാണെന്നും പരാതിയുണ്ട്.

Leave a Reply

Latest News

ഓണക്കിറ്റിൽ അഴിമതി സി ബി ഐ അന്വേഷിക്കണം കരുവിള മാത്യൂസ്

തിരുവനന്തപുരം: സപ്ലെക്കോയുടെ ടെൻഡർ വ്യവസ്ഥകൾ കാറ്റിൽ പറത്തി സെൻട്രൽ വിജിലൻസ് കമ്മിഷൻ്റെ ഉത്തരവുകൾ ലംഘിച്ച് കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം നൽകിയ വിവാദ കമ്പനിയായ...

More News