പോണേക്കരയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ച യുവതിയുടെ മുറിയില്‍നിന്ന്‌ മയക്കുമരുന്ന്‌ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങി

0

കൊച്ചി പോണേക്കരയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ച യുവതിയുടെ മുറിയില്‍നിന്ന്‌ മയക്കുമരുന്ന്‌ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങി. വ്‌ളോഗര്‍ നേഹ നിഥി(27)ന്‌ ഒപ്പമുണ്ടായിരുന്ന നെട്ടൂര്‍ സ്വദേശി മുഹമ്മദ്‌ സനൂജി(22)നും ഇയാള്‍ വിളിച്ചുവരുത്തിയ കാസര്‍ഗോഡ്‌ സ്വദേശി അബ്‌ദുള്‍ സലാം ഉള്‍പ്പെടെയുള്ളവര്‍ക്കും മയക്കുമരുന്ന്‌ ഇടപാടുള്ളതായി തെളിഞ്ഞു. ഇവരുടെ കാറില്‍നിന്നു 15 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തിരുന്നു.
കാസര്‍ഗോഡ്‌ സ്വദേശി സിദ്ധാര്‍ത്ഥ്‌ നായര്‍ക്കൊപ്പമാണു നേഹ താമസിച്ചിരുന്നത്‌. ഇയാള്‍ നാട്ടിലേക്കു മടങ്ങി വിവാഹത്തില്‍നിന്നു പിന്മാറിയതോടെ നേഹ ആത്മഹത്യ ചെയ്‌തതാകാമെന്നാണ്‌ അടുപ്പക്കാരുടെ മൊഴി. ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുന്ന നേഹയ്‌ക്ക്‌ രണ്ടുവയസുള്ള മകനുണ്ട്‌. ഒളിവിലായിരുന്ന സിദ്ധാര്‍ത്ഥന്‍ ഇന്നലെ പോലീസിനു മുന്നില്‍ ഹാജരായി. തങ്ങള്‍ക്കിടയില്‍ അസ്വസ്‌ഥതകള്‍ ഉണ്ടായിരുന്നതായി സിദ്ധാര്‍ത്ഥന്‍ സമ്മതിച്ചു. അതിന്റെ തുടര്‍ച്ചയാകാം ആത്മഹത്യയെന്നും ഇയാള്‍ പറയുന്നു.
കാക്കനാട്ടെ ഏജന്റുമാരില്‍നിന്നാണു മയക്കുമരുന്ന്‌ വാങ്ങിയിരുന്നതെന്ന്‌ അബ്‌ദുള്‍ സലാം മൊഴി നല്‍കി. തനിക്കും സുഹൃത്തുക്കള്‍ക്കും ഉപയോഗിക്കാനാണിതെന്നും വില്‍പ്പനയില്ലായിരുന്നെന്നും ഇയാള്‍ പറഞ്ഞത്‌ പോലീസ്‌ വിശ്വസിച്ചിട്ടില്ല. മുഹമ്മദ്‌ സനൂജ്‌ വീട്ടില്‍നിന്നു സ്‌ഥിരമായി മാറിനില്‍ക്കുന്നയാളാണ്‌. കാക്കനാട്ട്‌ ജോലിയാണെന്നാണു വീട്ടില്‍ പറഞ്ഞിരിക്കുന്നത്‌. സിദ്ധാര്‍ത്ഥന്‍ നാട്ടില്‍ പോകുമ്പോള്‍ സനൂജിനെ നേഹയ്‌ക്കൊപ്പം കൂട്ടിരുത്താറുണ്ട്‌. ഇങ്ങനെ മൂന്നുതവണ നേഹയ്‌ക്കൊപ്പം താമസിച്ചിട്ടുണ്ടെന്നു സനൂജ്‌ പോലീസിനോടു സമ്മതിച്ചു. എന്നാല്‍, നേഹയുടെ മരണത്തില്‍ സനൂജിനു പങ്കുള്ളതായി ആരും സംശയം പ്രകടിപ്പിച്ചിട്ടില്ല. സനൂജുമായി സഹോദരതുല്യബന്ധമായിരുന്നു നേഹയ്‌ക്കുണ്ടായിരുന്നതെന്നു സിദ്ധാര്‍ത്ഥന്‍ മൊഴിനല്‍കി. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരാവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ടും ലഭിച്ചശേഷം മരണത്തില്‍ വ്യക്‌തത വരുത്താനാണു പോലീസ്‌ ശ്രമം.
നേഹയുടെ മരണത്തിലെ ദുരൂഹത നീക്കിയശേഷം മയക്കുമരുന്ന്‌ കേസില്‍ വിശദമായ അന്വേഷണം നടക്കും. മയക്കുമരുന്ന്‌ പിടിച്ചെടുത്ത കേസ്‌ പ്രത്യേകം രജിസ്‌റ്റര്‍ ചെയ്‌തു. നേഹയുടെ ഫ്‌ളാറ്റില്‍നിന്നു കണ്ടെടുത്ത ഹാഷിഷും എം.ഡി.എം.എയും തനിക്ക്‌ ഉപയോഗിക്കാന്‍ സൂക്ഷിച്ചതാണെന്നു സിദ്ധാര്‍ത്ഥന്‍ പറയുന്നു. കഴിഞ്ഞ 28-നാണ്‌ കണ്ണൂര്‍ സ്വദേശിയായ നേഹയെ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. ഫാനില്‍ ഷാളുപയോഗിച്ച്‌ തൂങ്ങിയനിലയിലായിരുന്നു. എന്നാല്‍, കാല്‍മുട്ട്‌ നിലത്തുമുട്ടിയ നിലയിലായിരുന്നു. ആറുമാസം മുമ്പാണ്‌ ഇവര്‍ കൊച്ചിയിലെത്തിയത്‌. ആത്മഹത്യ ചെയ്യുമെന്നു സൂചിപ്പിച്ച്‌ നേഹ ചില സുഹൃത്തുക്കള്‍ക്കയച്ച സന്ദേശവും പോലീസ്‌ കണ്ടെടുത്തു. ില്‍ ഹാജരായി

Leave a Reply