ഓർമ്മകൾ നഷ്ടപ്പെട്ട് പോയവരെ ഓർമ്മിക്കാനായുള്ള ഒരു ദിനം; ഇന്ന് സെപ്റ്റംബർ 21 ലോക മറവിരോഗ ദിനം

0

ലോകമെമ്പാടും, അൽഷെമേഴ്സ് രോഗത്തിന് എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ലോക അൽഷെമേഴ്സ് ദിനം ആണ് എല്ലാ വർഷവും സെപ്റ്റംബർ 21. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 76 അൽഷെമേഴ്സ് ഘകങ്ങളുടെ കൂട്ടായ്മയായ അൽഷെമേഴ്സ് ഡിസീസ് ഇന്റർനാഷണൽ ആണ് ലോക അൽഷെമേഴ്സ് ദിന പ്രവർത്തനങ്ങൾ എകോപിപ്പിക്കുന്നത്. മറവി ഉണ്ടാക്കുന്ന രോഗമാണ് അൽഷെമേഴ്സ്.

ഓർമ്മകൾ നഷ്ടപ്പെട്ട് പോയവരെ ഓർമ്മിക്കാനായുള്ള ഒരു ദിനം. അൽഷിമേഴ്‌സ് രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക, രോഗം നേരത്തെ കണ്ടെത്തുക, തുടർ ചികിത്സ ഉറപ്പാക്കുക എന്നിവയാണ് ഈ ദിനത്തിൻറെ പ്രധാന ലക്ഷ്യം. മറവി പൂർണമായും ഓർമയെ കീഴടക്കിയാൽ, നാം നാമല്ലാതായി തീരും. ഓർമകളുടെ താളം പൂർണമായും തെറ്റുന്ന ഒരു രോഗാവസ്ഥയാണ് അൽഷിമേഴ്സ്. അൽഷിമേഴ്സിന്റെ പ്രാരംഭ ഘട്ടത്തിൽ ഒരു വ്യക്തിയിൽ ഓർമ്മക്കുറവ്, പെരുമാറ്റം, ആശയവിനിമയ പ്രശ്നം എന്നിവയിലെ മാറ്റങ്ങൾ പ്രകടിപ്പിച്ചേക്കാം. മറവി രോഗത്തിൻറെ ആദ്യ നാളുകളിൽ വ്യക്തിക്ക് ജീവിതചര്യകളുമായി മുന്നോട്ടു പോകാൻ സാധിക്കും. തീവ്രഘട്ടത്തിൽ വ്യക്തി എത്തിച്ചേരുമ്പോൾ, ഓർമിക്കാനുള്ള കഴിവ് പൂർണമായും നഷ്ടപ്പെട്ടിട്ടുണ്ടാവും. സംസാരിക്കാനും പ്രതികരിക്കാനുമുള്ള കഴിവുകൾ ഇല്ലാതായി തീരും. നടക്കാനും ഇരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെയുള്ള ബുദ്ധിമുട്ടുകൾ വളരെ തീവ്രമായ ഘട്ടത്തിലേക്ക് എത്തിച്ചേരാം.

നേരത്തെ തന്നെ മറവി രോഗത്തിൻറെ അപായ സൂചനകൾ തിരിച്ചറിയുക, കൃത്യ സമയത്തുള്ള രോഗ നിർണയം എന്നിവ പ്രാധാന്യമുള്ള ഘടകങ്ങളാണ്. 60 വയസ്സ് കഴിഞ്ഞവരിലാണ് കൂടുതലായും രോഗലക്ഷണങ്ങൾ കാണപ്പെടുന്നത്.

മറവിരോഗികൾ പ്രകടമാക്കുന്ന ചില ലക്ഷണങ്ങൾ…

വർധിച്ചുവരുന്ന ഓർമക്കുറവ്.
സാധാരണ ചെയ്യുന്ന കാര്യങ്ങൾ, വളരെ കാലമായി ചെയ്തുകൊണ്ടിരുന്ന പ്രവൃത്തികൾ വേണ്ട രീതിയിൽ ചെയ്യാൻ കഴിയാതെ വരിക.
സ്വന്തം മേൽവിലാസമോ ഫോൺനമ്പറോ മറന്നുപോവുക.
സാധനങ്ങൾ വച്ച് മറക്കുക.
സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു വിഷയത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരുന്ന അവസ്ഥ.
പറഞ്ഞകാര്യങ്ങൾ തന്നെ വീണ്ടും പറയുക.
ചോദ്യങ്ങൾ വീണ്ടും ആവർത്തിച്ചുകൊണ്ടിരിക്കുക.
വർഷം, തീയതി, ദിവസം എന്നിവ മറന്നു പോകുക.
സ്ഥലകാലബോധം നഷ്ടപ്പെടുക.
വൈകാരിക പെരുമാറ്റ പ്രശ്‌നങ്ങൾ.
ആശയ വിനിമയത്തിലെ ബുദ്ധിമുട്ടുകൾ,
തുടങ്ങിയവയൊക്കെ ഒരു പക്ഷേ ഈ രോഗത്തിൻറെ ലക്ഷണങ്ങളാകാം. മേൽപറഞ്ഞ ലക്ഷണങ്ങളിൽ ഏതെങ്കിലും ഉള്ളതുകൊണ്ട് രോഗമുണ്ടെന്ന് സ്വയം തീരുമാനിക്കേണ്ട. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒരു ന്യൂറോളജിസ്റ്റിനെ സമീപിക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here