Thursday, September 23, 2021

ആടുകളുടെ രക്തം ഊറ്റി കുടിച്ച് ആന്തരീക അവയവങ്ങൾ തിന്നുന്ന ജീവി; ചൂണ്ടിക്ക്‌ സമീപം ചോയിക്കരമുകളിൽ അജ്ഞാതജീവി മൂന്ന് ആടുകളെ കടിച്ചുകൊന്നു

Must Read

കോലഞ്ചേരി: പൂത്തൃക്ക പഞ്ചായത്തിലെ ചൂണ്ടിക്ക്‌ സമീപം ചോയിക്കരമുകളിൽ അജ്ഞാതജീവി മൂന്ന് ആടുകളെ കടിച്ചുകൊന്നു. ആട്‌ കർഷകയായ കണ്ണേത്ത് വീട്ടിൽ ആലീസ് ജോസിന്റെ പ്രസവിക്കാറായ ആടുകൾ ഉൾപ്പെടെയാണ് അജ്ഞാതജീവിയുടെ ആക്രമണത്തിനിരയായത്.

ചെന്നായയോ കറ്റാംപുലിയോ, കാട്ടുമാക്കാനോ ആകാമെന്നാണ് ആക്രമണത്തിന്റെ രീതികണ്ടിട്ട് നാട്ടുകാർ പറയുന്നത്. ആട്ടിൻകൂടിന്റെ പ്ലൈവുഡ് കൊണ്ട് നിർമിച്ച വാതിൽ പൊളിച്ച് അകത്തുകടന്ന് കഴുത്തിൽ കടിച്ച് രക്തം കുടിച്ചശേഷം ആന്തരികാവയവങ്ങൾ മാത്രം തിന്ന്‌ ജഡം ഉപേക്ഷിച്ചിരിക്കുകയാണ്‌.

മൂന്നുമാസം പ്രായമുള്ള കുഞ്ഞാടുകളെ രക്തമൂറ്റിക്കുടിച്ച് ചെവി കടിച്ചെടുത്ത നിലയിലാണ്. വ്യാഴാഴ്ച രാത്രി ശക്തമായ മഴ പെയ്തിരുന്നതിനാൽ വീട്ടുകാർ അറിഞ്ഞില്ല. നേരം വെളുത്തപ്പോഴാണ് നടുക്കുന്ന കാഴ്ച കണ്ടത്. ചെന്നായയെ പോലുള്ള മൃഗങ്ങൾ കൂട്ടമായി ആക്രമണം നടത്തിയതാകാമെന്നാണ് പോസ്റ്റ്‌മോർട്ടത്തിന് നേതൃത്വം നൽകിയ കോലഞ്ചേരി മൃഗാശുപത്രിയിലെ സീനിയർ സർജൻ എൽദോ പി. വർഗീസിന്റെ നിഗമനം.

മൂന്ന് ആടുകളെയും പോസ്റ്റ്‌മോർട്ടത്തിനു ശേഷം കുഴിച്ചുമൂടി. ഗർഭിണിയായ ആടിന്റെ കുഞ്ഞിനെ പുറത്തെടുത്തശേഷമാണ് കുഴിച്ചിട്ടത്. പോസ്റ്റ്‌മോർട്ടത്തിനായി പുത്തൻകുരിശ് മൃഗാശുപത്രിയിലെ ഡോ. ആശാ പോളും സ്ഥലത്തെത്തിയിരുന്നു.

നാലുദിവസം മുമ്പ് ഐക്കരനാട് പഞ്ചായത്തിലെ പാറേപ്പീടികയിൽ ആറ് ആടുകളെ ഇതേ രീതിയിൽ കടിച്ചുകൊന്നതായും കർഷകർ കരുതലോടെയിരിക്കണമെന്നും വെറ്ററിനറി ഡോക്ടർ പറഞ്ഞു.

വന്യജീവിയെ പിടികൂടാൻ വനംവകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. ചോരവാർന്നുപോയതിനാലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്്. ആടുകളുടെ നെഞ്ചിൻകൂട് തകർത്ത് ഹൃദയവും ശ്വാസകോശവും കൊണ്ടുപോയിട്ടുള്ളതായി കാണുന്നുണ്ട്. വന്യജീവിയുടെ ആക്രമണമാണെന്നതിനാൽ വനംവകുപ്പിനെയും സംഭവം അറിയിച്ചിട്ടുണ്ട്.

Leave a Reply

Latest News

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു . താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ...

More News