വീടിനോട് ചേർന്നുള്ള ഷെഡിൽ നിന്നും മോഷണം പോയത് ഒന്നര ലക്ഷം രൂപയുടെ ചെമ്പ് പാത്രം; ഒപ്പം മോഷ്ടിച്ചത് കഴുകി ഇട്ടിരുന്ന നാല് ഷർട്ടുകളും; പാത്രം ഉരുട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ

0

ആലപ്പുഴ: വീടിനോട് ചേർന്നുള്ള ഷെഡിൽ നിന്നും ഒന്നര ലക്ഷം രൂപ വില വരുന്ന ചെമ്പ് പാത്രം മോഷണം പോയി. കരുവാറ്റ എസ്എൻ കടവിനു സമീപം സൗപർണികയിൽ ശശീന്ദ്രന്റെ വീട്ടിൽ നിന്നാണ് പാത്രം മോഷണം പോയത്. ചെമ്പു പാത്രത്തിന് 35 വർഷത്തിനു മുകളിൽ പഴക്കമുണ്ട്. ചെമ്പ് പാത്രം ഉരുട്ടി കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. ചെമ്പ് പാത്രം ഷെഡിൽ നിന്ന് ഇറക്കി വീടിന്റെ പുറകിൽ മതിൽ ഇല്ലാത്ത ഭാഗത്തു കൂടി ഉരുട്ടിക്കൊണ്ടു പോവുകയായിരുന്നു. വീടിനു സമീപം കഴുകി ഇട്ടിരുന്ന നാലു ഷർട്ടുകളും മോഷ്ടാക്കൾ അപഹരിച്ചു.

പുലർച്ചെ 2 മണിയോടുകൂടി ഒരാൾ റോഡിന്റെ സൈഡിൽ കൂടി പാത്രം ഉരുട്ടി കൊണ്ടുപോകുന്ന ദൃശ്യം സമീപ വീട്ടിലെ സിസിടിവിയിൽ നിന്നുമാണ് ലഭിച്ചത്. ചെമ്പിനൊപ്പം ഇരുന്ന ചാക്ക് കൊണ്ട് തല മൂടിയിരുന്നു. സ്ഥലവുമായി പരിചയമുള്ളവരാണ് മോഷണത്തിനു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഹരിപ്പാട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply