ചെന്നൈ: സിനിമ സീനുകളെ വെല്ലുന്ന രീതിയിൽ വഴിയോരക്കൊള്ള. കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിന് സമീപം കണ്ടെയ്നർ ലോറി തടഞ്ഞ് പത്ത് കോടി രൂപയുടെ മൊബൈൽ ഫോൺ കൊള്ളയടിച്ചു.
ലോറി ഡ്രൈവർമാരെ മർദിച്ചവശരാക്കി സമീപമുള്ള കുറ്റിക്കാട്ടിൽ കെട്ടിയിട്ടാണ് കൊള്ളസംഘം മൊബൈൽ ഫോൺ കടത്തിയത്. മൂന്ന് വാഹനങ്ങളിലെത്തിയ പത്തംഗ സായുധ സംഘമാണ് ആസൂത്രിത കൊള്ളക്ക് പിന്നിൽ.
ഹൊസൂർ ദേശീയപാതയിൽ മേൽമലൈയിൽ ബുധനാഴ്ച പുലർച്ചയാണ് സംഭവം. ചെന്നൈയിൽനിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന റെഡ്മി കമ്പനിയുടെ ഫോണുകളാണ് കവർന്നത്. ഫോൺ തട്ടിയെടുത്ത കൊള്ളസംഘം അവർ കൊണ്ടുവന്ന ലോറികളിൽ അത് കയറ്റി രക്ഷപ്പെടുകയായിരുന്നു.
സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് പരിക്കേറ്റ് കിടന്നിരുന്ന ഡ്രൈവർമാരായ രാമനാഥപുരം അരുൺ (35), ചെന്നൈ പൂന്ദമല്ലി സതീഷ് കുമാർ (28) എന്നിവരെ
നാട്ടുകാർ കണ്ടത്. ഇവരെ കൃഷ്ണഗിരി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂളഗിരി പൊലീസ് അന്വേഷണം തുടങ്ങി.
English summary
A container lorry was stopped near Hosur and a mobile phone worth Rs 10 crore was looted