സമ്പൂർണ ലോക്ഡൗണ്‍ ഉടനുണ്ടാവില്ല;
സ്കൂളുകളിലും ഓഫിസുകളിലും നിയന്ത്രണം വന്നേക്കും; അവലോകന യോഗം നാളെ

0

തിരുവനന്തപുരം∙ കോവിഡും ഒമിക്രോണും കുതിച്ചുയര്‍ന്നതോടെ സംസ്ഥാനത്ത് വീണ്ടും അവലോകനയോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേരുന്ന യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കും. സ്കൂളുകളുടെയും ഓഫിസുകളുടെയും പ്രവര്‍ത്തനത്തിലടക്കം നിയന്ത്രണം വേണമെന്ന് ഉദ്യോഗസ്ഥ തലത്തില്‍ ആവശ്യം ഉയര്‍ന്നു. അതേ സമയം സ്കൂളുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണമോ എന്ന വിഷയം മന്ത്രി വി. ശിവൻകുട്ടി ഇന്നു 11നു മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യും.
അതിനിടെ നൂറിലേറെ വിദ്യാര്‍ഥികള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജ് അടച്ചു. 13 മുതല്‍ 21 വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. 14ന് കുട്ടികള്‍ക്കായി കോവിഡ് പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. ഇതര സംസ്ഥാനത്തുനിന്ന് ഉള്ളവരൊഴികെ എല്ലാ കുട്ടികളും 15ന് മുന്‍പ് ഹോസ്റ്റല്‍ ഒഴിയണമെന്നും അധികൃതര്‍ പറഞ്ഞു.

തിങ്കളാഴ്ചയാണ് കോവിഡ് അവലോകനയോഗം അവസാനം ചേര്‍ന്നത്. സ്കൂളുകള്‍ അടയ്ക്കുക, വാരാന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നെങ്കിലും കടുത്ത നിയന്ത്രണങ്ങള്‍ തീരുമാനിച്ചില്ല. സ്വകാര്യ ചടങ്ങുകളില്‍ പങ്കാളിത്തം 50 പേരായി ചുരുക്കുക മാത്രമാണ് ചെയ്തത്. അന്ന് പ്രതിദിന രോഗബാധ ആറായിരത്തില്‍ താഴെയും സ്ഥിരീകരണ നിരക്ക് 12.7 ശതമാനവും ആയിരുന്നു. ഇന്നലെ രോഗബാധ ഇരട്ടിയായി കുതിച്ച് 12,000നു മുകളിലെത്തി. ടിപിആറും 17 പിന്നിട്ടു.

പത്തനംതിട്ടയില്‍ ഒരു ക്ലസ്റ്റര്‍ പോലും രൂപപ്പെട്ട് ഒമിക്രോണ്‍ വ്യാപനവും രൂക്ഷമാണ്. ഇതോടെയാണ് ഈ ആഴ്ചതന്നെ വീണ്ടും അവലോകനയോഗം ചേരാന്‍ തീരുമാനിച്ചത്. ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്നതിനാല്‍ അടുത്ത രണ്ടാഴ്ച മുഖ്യമന്ത്രി സ്ഥലത്ത് ഇല്ലാത്തതും നാളെ യോഗം ചേരാന്‍ കാരണമായി.

കൂടുതല്‍ നിയന്ത്രണങ്ങള്‍ എന്നതു തന്നെയാണ് യോഗത്തിന്റെ അജണ്ട. സ്കൂള്‍ നിയന്ത്രണം, ഓഫിസുകളിലെ ഹാജര്‍നില കുറയ്ക്കല്‍, പൊതു ഇടങ്ങളിലെ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ വാരാന്ത്യനിയന്ത്രണം തുടങ്ങി കടുത്ത നിര്‍ദേശങ്ങളാണ് ചീഫ് സെക്രട്ടറിയും ഡിജിപിയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ മുന്നോട്ട് വയ്ക്കുന്നത്.

എന്നാല്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമൊന്നും കഴിഞ്ഞയോഗത്തില്‍ ഇതിനോടു യോജിച്ചിരുന്നില്ല. സമ്പൂര്‍ണ ലോക്ഡൗണ്‍ ഉടനുണ്ടാവില്ല.

Leave a Reply