ഫോര്‍ട്ട്കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ കോഴിക്കോട് സ്വദേശിയായ യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഈയാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. അഞ്ജലി റീമാ ദേവ്, ഹോട്ടലുടമ റോയ് വയലാറ്റ്, കൂട്ടാളി സൈജു തങ്കച്ചന് എന്നിവരാണു മുഖ്യപ്രതികള്‍. അഞ്ജലിയാണു മുഖ്യ സൂത്രധാര. ലൈംഗിക അതിക്രമത്തിനു പുറമേ മനുഷ്യക്കടത്തു കേസും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. മനുഷ്യക്കടത്ത് ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
പീഡിപ്പിച്ചെന്നു കാട്ടി അമ്മയും മകളും ഫോര്‍ട്ട് കൊച്ചി പോലീസിനു നലകിയ പരാതിയാണ് കേസിനാധാരം. അമ്മയില്‍ നിന്ന് അഞ്ജലി പലപ്പോഴായി 13 ലക്ഷം രൂപ കടം വാങ്ങിയിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അഞ്ജലിയുടെ കോഴിക്കോട്ടെ ബിസിനസ് സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്നു പരാതിക്കാരി. ഈ പണം തിരിച്ചുചോദിപ്പപ്പോള് അഞ്ജലി മടക്കി നല്കാന് കൂട്ടാക്കിയില്ല. പകരം ഇവരെ സൗഹൃദത്തിലാക്കിക്കൊണ്ടു കൊച്ചിയിലേക്കു കൊണ്ടുവരികയായിരുന്നു. ഇതിനായി സൈജു തങ്കച്ചനെ അഞ്ജലി കൂട്ടുപിടിച്ചു.
മകള്‍ക്ക് സിനിമയിലും മോഡലിങിലും വലിയ ഭാവി വാഗ്ദാനം ചെയ്താണ് കൊച്ചിയിലേക്കു കൂട്ടിക്കൊണ്ടുവന്നത്. ഫോര്‍ട്ട്കൊച്ചിയില്‍ റോയ് വയലാറ്റിന്റെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലില്‍ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 20 ന് ഇരുവരെയും എത്തിച്ചു. ഹോട്ടലില്‍ വച്ച് അമ്മയ്ക്കും മകള്‍ക്കും മദ്യവും മയക്കുമരുന്നും പാനീയങ്ങളില്‍ കലര്‍ത്തി നല്കാന് ശ്രമിച്ചു. അപകടം മണത്ത ഇരുവരും ഇവ കഴിക്കാന്‍ വിസമ്മതിച്ചു. പുലര്‍ച്ചെ മൂന്നിന് അമ്മയും മകളും ഹോട്ടലില്‍ നിന്നു രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്കി.
അമ്മയെയും മകളെയൂം പീഡനത്തിനിരയാക്കാനും ദൃശ്യങ്ങള്‍ ചിത്രീകരിക്കാനും ബ്ലാക്ക് മെയില്‍ ചെയ്ത് പണം മടക്കിനല്കാതിരിക്കാനുമുള്ള ഗൂഢനീക്കമായിരുന്നു അഞ്ജലിയുടേതെന്നു കുറ്റപത്രത്തില്‍ പറയുന്നു.