ഖബറടക്കം നാളെ രാവിലെ 9ന്; പൊതുദര്‍ശനം മലപ്പുറം ടൗണ്‍ഹാളില്‍

0

കൊച്ചി: അന്തരിച്ച മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം തിങ്കളാഴ്ച രാവിലെ പാണക്കാട് ജുമുഅത്ത് പള്ളിയില്‍ നടക്കും. വൈകുന്നേരത്തോടെ മൃതദേഹം മലപ്പുറത്തെത്തിക്കും. തുടര്‍ന്ന് ലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുമെന്ന് ലീഗ് നേതാക്കള്‍ അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഹൈദരലി ശിഹാബ് തങ്ങളുടെ അന്ത്യം. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

പിഎംഎസ്എ പൂക്കോയ തങ്ങളുടെയും ആയിഷ ചെറുകുഞ്ഞിബീവിയുടേയും മൂന്നാമത്തെ മകനായി 1947 ജൂണ്‍ 15 നാണ് ഹൈദരലി തങ്ങള്‍ ജനിച്ചത്. പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവരും സഹോദരങ്ങളാണ്.

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയാചാര്യനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗിന് മാത്രമല്ല എല്ലാവര്‍ക്കും തണലായിരുന്നുവെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. യാതൊരു വിധ താത്പര്യങ്ങള്‍ക്കും വഴങ്ങാതെ സത്യത്തിന്റേയും നീതിയുടേയും പക്ഷത്ത് നിന്നൊരു വ്യക്തിയാണ് അദ്ദേഹം. മുസ്ലിം ലീഗ് രാഷ്ട്രീയത്തിന് മാത്രമല്ല. എല്ലാവര്‍ക്കും അദ്ദേഹം തണലായിരുന്നു. അത്തരത്തില്‍ ഒരു നേതാവിനേയാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് എംഎം ഹൈസ്‌കൂളില്‍നിന്ന് എസ്എസ്എല്‍സി പാസായി. കാന്നല്ലൂര്‍, പട്ടര്‍നടക്കാവ്, പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം എന്നിവിടങ്ങളില്‍ മതപഠനത്തിനു ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍നിന്ന് 1975ല്‍ ഫൈസി ബിരുദം നേടി, കര്‍ക്കശ നിലപാടുകള്‍ക്ക് പ്രസിദ്ധനായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. മുസ്‌ലിം ലീഗിനെ നിര്‍ണായകമായ ഘട്ടങ്ങളില്‍ നയിക്കുന്നതില്‍ ശ്രദ്ധിച്ചു. സുന്നി സംഘടനകളുടെ നേതൃസ്ഥാനവും മുസ്‌ലിം ലീഗിന്റെ അധ്യക്ഷ സ്ഥാനവും ഒരുമിച്ചു കൊണ്ടുപോകാന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്കു സാധിച്ചു.

കൊയിലാണ്ടിയിലെ അബ്ദുല്ല ബാഫഖി തങ്ങളുടെ മകള്‍ ശരീഫ ഫാത്തിമ സുഹ്‌റയാണു ഭാര്യ. സാജിദ, ഷാഹിദ, നഈം അലി ശിഹാബ്, മുഈന്‍ അലി ശിഹാബ് എന്നിവരാണു മക്കള്‍. സാജിദയും ഷാഹിദയും ഇരട്ടകളാണ്. ഇളയ മകന്‍ മുഈനലി. മരുമക്കള്‍: സയ്യിദ് നിയാസ് ജിഫ്രി തങ്ങള്‍, സയ്യിദ് ഹസീബ് സഖാഫ് തങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here