തിരുവനന്തപുരം: തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ചൊവ്വാഴ്ച വോട്ടെടുപ്പ്.
395 തദ്ദേശ സ്ഥാപനങ്ങളിൽ 6910 വാർഡുകളിലേക്ക് 88,26,873 വോട്ടർമാർ വിധിയെഴുതും. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് പോളിങ്. തിങ്കളാഴ്ച മൂന്നിനുശേഷം കോവിഡ് സ്ഥിരീകരിച്ചവർക്കും ക്വാറന്റീനിലായവർക്കും പി.പി.ഇ. കിറ്റ് ധരിച്ച് ബൂത്തിലെത്തി വൈകീട്ട് ആറുമണിയോടെ വോട്ടുചെയ്യാം.
ആകെ വോട്ടർമാരിൽ 41,58,395 പുരുഷന്മാരും 46,68,267 സ്ത്രീകളും 61 ട്രാൻസ്ജെൻഡേഴ്സുമാണ് ഒന്നാംഘട്ടത്തിലുള്ളത്. 150 പ്രവാസി ഭാരതീയരുമുണ്ട്. 42,530 പേർ കന്നിവോട്ടർമാരാണ്. 11,225 പോളിങ് ബൂത്തുകളും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 56,122 ഉദ്യോഗസ്ഥരെയും സജ്ജമാക്കി. 320 പ്രശ്നസാധ്യതാ ബൂത്തുകളിൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തി.
പോളിങ് സാമഗ്രികളുടെ വിതരണം തിങ്കളാഴ്ച നടന്നു. കൊല്ലം ജില്ലയിലെ പന്മന ഗ്രാമപ്പഞ്ചായത്തിൽ രണ്ടുവാർഡുകളിലും ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപ്പഞ്ചായത്തിലെ ഒരു വാർഡിലും സ്ഥാനാർഥികളുടെ മരണത്തെത്തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റി. തിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ: തിരുവനന്തപുരം- 1727, കൊല്ലം- 1596, പത്തനംതിട്ട- 1042, ആലപ്പുഴ- 1564, ഇടുക്കി- 981.
വ്യാഴാഴ്ച രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ പരസ്യപ്രചാരണം ചൊവ്വാഴ്ച വൈകീട്ട് ആറിനു സമാപിക്കും. ബാക്കി നാലു ജില്ലകളിൽ 14-നാണ് തിരഞ്ഞെടുപ്പ്.
English summary
88,26,873 voters will cast their ballots in 6910 wards out of 395 local bodies