തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 105. ഒരു ആരോഗ്യ പ്രവർത്തക കൂടി രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിലുണ്ട്. ഇതിൽ ആറു പേർ കാസർകോട് ജില്ലക്കാരാണ്. 2 പേർ കോഴിക്കോട് സ്വദേശികൾ. 8 പേർ ദുബായിൽനിന്ന് എത്തിയവരാണ്. ഖത്തറിൽനിന്നും യുകെയിൽനിന്നും എത്തിയ ഓരോ ആൾക്കാരിലും രോഗം കണ്ടെത്തി. 72,460 പേർ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ യാത്രാ വാഹനങ്ങളും സർവീസ് അവസാനിപ്പിക്കണം. ടാക്സി, ഓട്ടോ എന്നിവ അടിയന്തര വൈദ്യ സഹായത്തിനും ഔഷധങ്ങള്‍ വാങ്ങാനും മാത്രമേ സർവീസ് നടത്താൻ പാടുള്ളൂ. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്കു പുറമേ ഒരു മുതിർന്ന ആൾക്കു മാത്രമാണു യാത്ര ചെയ്യാൻ അനുമതിയുള്ളത്. ഏത് ഒത്തുചേരലായാലും അഞ്ചിൽ അധികം പേര് പൊതു സ്ഥലത്ത് ഒത്തുചേരുന്നതിനു നിരോധനമുണ്ട്. സംസ്ഥാനത്ത് ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റ്, ഭക്ഷ്യവസ്തുക്കൾ, പലവ്യഞ്ജനം, പാൽ, മുട്ട, ഇറച്ചി, കോഴി, കന്നുകാലി തീറ്റ, ബേക്കറി കടകളൊക്കെ രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചു മണിവരെ പ്രവർത്തിക്കണം.
കാസർകോട് ജില്ലയില്‍ നേരത്തേ തീരുമാനിച്ചപോലെ തന്നെ തുടരും. എല്ലാവർക്കും ഇതു ബാധകമാണെന്ന് ഓർക്കണം. സ്വകാര്യ വാഹനങ്ങളിൽ ആൾക്കാർ പുറത്തിറങ്ങുന്നൊരു പ്രവണത ഇന്നു കണ്ടിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ മാത്രം പുറത്തുപോകാനാണ് അനുമതിയുള്ളത്. ഇത് ഒരു അവസരമായി എടുക്കരുത്. യാത്രക്കാരിൽനിന്നു സത്യവാങ്മൂലം വാങ്ങാൻ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.