തിരുവനന്തപുരം : കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ബവ്റിജസ്, കൺസ്യൂമർഫെഡ് മദ്യശാലകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10 മുതൽ വൈകിട്ട് 5 മണിവരെ മാത്രമേ ബവ്റിജസ് ഷോപ്പുകൾ പ്രവർത്തിക്കൂ.
രാവിലെ 10 മണിമുതൽ രാത്രി 9 വരെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ബാറുകളിൽ പ്രത്യേക കൗണ്ടറുകൾ ആരംഭിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ഇതു സംബന്ധിച്ച് ആലോചനകൾ നടക്കുന്നു.
മദ്യശാലകളിൽ എത്തുന്നവർ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നു മന്ത്രി പറഞ്ഞു. ക്യൂ നിൽക്കുന്നവർ ഒന്നര മീറ്റർ അകലം പാലിക്കണം. മദ്യശാലകളിലെ തൊഴിലാളികൾ മാസ്ക് ധരിക്കണം.
നിർദേശങ്ങൾ ലംഘിച്ചാൽ നടപടിയെടുക്കും. മദ്യശാലകളിലെ തിരക്കു നിയന്ത്രിക്കാനും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും അധികൃതർ പൊലീസിന്റെ സഹായം തേടി.
സംസ്ഥാനത്ത് ബവ്റിജസ് കോർപ്പറേഷന്റെ 265 ഷോപ്പുകളും കൺസ്യൂമർഫെഡിന്റെ 36 ഷോപ്പുകളും പ്രവർത്തിക്കുന്നുണ്ട്.