മുന്നു മാസത്തിനിടെ കൊച്ചിയിൽ പിടികൂടിയത് 4000 കോടിയുടെ മയക്കുമരുന്ന്; രണ്ടായിരത്തോളം ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തിയെങ്കിലും നിരീക്ഷിക്കാൻ ആളില്ല; അന്വേഷണ ഏജൻസികളെ പൂട്ടി മയക്കുമരുന്ന് മാഫിയ; തൊപ്പി തെറിച്ചേക്കുമെന്ന ഭീതിയിൽ ഉദ്യോഗസ്ഥർ

0

കൊച്ചി: കഴിഞ്ഞ മൂന്നുമാസത്തിനിടെ കൊച്ചിയുടെ തീരത്തും വിമാനത്താവളത്തിലും വാഹനങ്ങളിൽനിന്നുമായി 4000 കോടിയോളം രൂപയുടെ മയക്കുമരുന്നുകളാണ്‌ പിടികൂടിയത്‌. ഇതോടെ അന്വേഷണ ഏജൻസികളെ പൂട്ടാനുള്ള നീക്കത്തിലാണ് മയക്കുമരുന്ന് മാഫിയ. കൊച്ചിയിൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ പോലും കെൽപ്പുള്ളവരാണ് മയക്കുമരുന്ന് കച്ചവടക്കാരെന്ന് അടുത്തിടെ നടന്ന സംഭവങ്ങൾ വ്യക്തമാക്കുന്നു.

നാർകോട്ടിക്‌ കൺട്രോൾ ബ്യൂറോ അടയാളപ്പെടുത്തിയ ലഹരികേന്ദ്രങ്ങളായ രാജ്യത്തെ 272 നഗരങ്ങളിലൊന്നാണ്‌ കൊച്ചി. ഇതിന്റെ ഭാഗമായി വിൽപ്പനസംഘങ്ങളും ഉപയോക്താക്കളും ഇടപഴുകുന്ന രണ്ടായിരത്തോളം ഹോട്ട്‌സ്‌പോട്ടുകൾ സാമൂഹ്യനീതിവകുപ്പ്‌ കണ്ടെത്തിയിരുന്നു. കലൂർ ബസ്‌റ്റാൻഡ്‌, സ്‌റ്റേഡിയം, എച്ച്‌എംടി കവല, കളമശേരി ഗ്ലാസ്‌ ഫാക്‌ടറി, കൂനമ്മാവ്‌ പുഴയോരം, കരിമുകൾ തുടങ്ങിയ പ്രദേശങ്ങൾ ഇതിലുൾപ്പെടുന്നു. എന്നാൽ കലൂരിൽ വെച്ച് 15 ഗ്രാം മയക്കുമരുന്ന് പിടികൂടിയ ഉദ്യോഗസ്ഥർ ഇപ്പോൾ തൊപ്പി തെറിച്ചേക്കുമെന്ന ഭീതിയിലാണ്. മുഖ്യമന്ത്രിക്ക് പരാതി നൽകി നടപടി എടുപ്പിക്കാൻ പോലും ശക്തരാണ് മയക്കുമരുന്ന് മാഫിയ.

അന്താരാഷ്‌ട്ര ബന്ധമുള്ള മയക്കുമരുന്നു കടത്തുകാരുടെയും പ്രായവ്യത്യാസമില്ലാതെ മയക്കുമരുന്ന്‌ ഉപയോക്താക്കളുടെയും കേന്ദ്രമായി കൊച്ചി. അന്താരാഷ്‌ട്ര ബന്ധമുള്ള വിദേശ പൗരന്മാരും യുവതികൾ ഉൾപ്പെടെ മലയാളികളും കസ്‌റ്റംസ്‌, ഡിആർഐ, എക്‌സൈസ്‌, പൊലീസ്‌ അന്വേഷക സംഘങ്ങളുടെ പിടിയിലായി. ഈ വർഷം ആദ്യ മൂന്നുമാസംമാത്രം മയക്കുമരുന്നുകടത്തും ഉപയോഗവുമായി ബന്ധപ്പെട്ട 368 കേസുകളാണ്‌ കൊച്ചിയിൽ രജിസ്‌റ്റർ ചെയ്‌തത്‌.

സംസ്ഥാനത്ത്‌ ആദ്യമായി ആയിരത്തോളം എൽഎസ്‌ഡി സ്‌റ്റാമ്പുകൾ ഒന്നിച്ച്‌ പിടിച്ചെടുത്തതും ഇക്കാലത്താണ്‌. കഞ്ചാവ്‌, നൈട്രസോൺ, കൃത്രിമമായി നിർമിക്കുന്ന ലഹരിമരുന്നായ എംഡിഎംഎ, ഹാഷിഷ്‌, ഹാഷിഷ്‌ ഓയിൽ എന്നിങ്ങനെ വിവിധ ലഹരിവസ്‌തുക്കൾ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.ഇതിൽ ഏറ്റവുമൊടുവിലത്തെ ലഹരിവേട്ടയായിരുന്നു കാക്കനാട്ടെ ഫ്ലാറ്റിലേത്‌. പത്തുകോടിയിലേറെ വിലവരുന്ന എംഡിഎംഎയുമായി യുവതി ഉൾപ്പെടെ അഞ്ചുപേരെയാണ്‌ എക്‌സൈസ്‌ പിടികൂടിയത്‌. ചെന്നൈ ഉൾപ്പെടെ നഗരങ്ങളിൽനിന്ന്‌ ലഹരി കൊച്ചിയിലെത്തിച്ച്‌ വിൽപ്പന നടത്തിവരികയായിരുന്നു സംഘം. ജൂണിൽ അങ്കമാലിയിലെ ഫ്ലാറ്റിൽനിന്ന്‌ നാലുകോടിയോളം രൂപയുടെ എംഡിഎംഎ പിടിച്ചെടുത്തിരുന്നു. രണ്ട്‌ മലയാളി യുവാക്കളും അറസ്‌റ്റിലായി. കാക്കനാട്‌ ഉൾപ്പെടെ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെയും പ്രവർത്തനം.

ഇവിടങ്ങളിൽനിന്ന്‌ ചെറുതും വലുതുമായ കേസുകളും തുടർച്ചയായി രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌. ലഹരിസംഘങ്ങൾ സജീവമായതോടെ കുറ്റകൃത്യങ്ങളും വർധിച്ചതായാണ്‌ പൊലീസിന്റെ കണക്ക്‌. ആഡംബര ഹോട്ടലുകൾ, റിസോർട്ടുകൾ, നഗരകേന്ദ്രങ്ങൾക്ക്‌ പുറത്തെ വീടുകൾ എന്നിവിടങ്ങളിൽ ലഹരിക്കായുള്ള ഒത്തുകൂടലും വർധിച്ചു.

കഴിഞ്ഞമാസം നെടുമ്പാശേരിയിൽ ടാൻസാനിയൻ പൗരനിൽനിന്ന്‌ 25 കോടി രൂപയുടെ ഹെറൊയിൻ പിടികൂടിയിരുന്നു. ഗൾഫ്‌, ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന്‌ ഉൾപ്പെടെ ലഹരി കൊച്ചിയിലെത്തിച്ച്‌ ശ്രീലങ്ക ഉൾപ്പെടെ രാജ്യങ്ങളിലേക്കും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണിയാൾ. സിംബാബ്‌വെയിൽനിന്ന്‌ എത്തിയ യുവതിയിൽനിന്ന്‌ മൂന്നുകിലോയോളം ഹെറൊയിൻ കഴിഞ്ഞമാസം പിടിച്ചെടുത്തു.

ഏപ്രിലിൽ കൊച്ചി തീരത്ത്‌ മീൻപിടിത്ത കപ്പലിൽനിന്ന്‌ 3000 കോടിയോളം വിലവരുന്ന മയക്കുമരുന്ന്‌ നാവികസേന പിടിച്ചിരുന്നു. നെടുമ്പാശേരിപോലുള്ള ചെറുവിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകളുടെ കുറവും മറ്റിടങ്ങളിലേക്ക്‌ എളുപ്പത്തിൽ മയക്കുമരുന്ന്‌ കടത്താനുള്ള സാധ്യതയുമാണ്‌ ലഹരിസംഘങ്ങളെ കൊച്ചിയിലേക്ക്‌ ആകർഷിക്കുന്നത്‌. മലേഷ്യ, വിയറ്റ്‌നാം, ഫിലിപ്പിൻസ് അടക്കമുള്ള രാജ്യങ്ങളിലേക്ക് ലഹരി കടത്തുന്നത്‌ കൊച്ചിവഴിയാണെന്നാണ് എക്‌സൈസ്‌ കണ്ടെത്തൽ.

Leave a Reply