ഗാല്‍വന്‍ സംഘര്‍ഷം: ഇന്ത്യന്‍ തിരിച്ചടിയില്‍ ഭയന്നു; പിന്മാറ്റത്തിനിടെ 38 ചൈനീസ് സൈനികര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു; പുതിയ വെളിപ്പെടുത്തല്‍

0

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ഗാല്‍വാനില്‍ 2020 ല്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ 38 ചൈനീസ് സൈനികര്‍ നദിയില്‍ മുങ്ങിമരിച്ചതായി റിപ്പോര്‍ട്ട്. ഒരു ഓസ്‌ട്രേലിയന്‍ ദിനപ്പത്രമാണ് അന്വേഷണാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സംഘര്‍ഷത്തില്‍ നാലു സൈനികര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് ചൈന പറഞ്ഞിരുന്നത്.

ഓസ്‌ട്രേലിയന്‍ ദിനപ്പത്രമായ ദ ക്ലാക്‌സോണിലെ റിപ്പോര്‍ട്ട് പ്രകാരം, സംഘര്‍ഷത്തിന്റെ തുടക്ക ഘട്ടത്തില്‍ തന്നെ 38 ചൈനീസ് സൈനികര്‍ മരണത്തിനിരയായതായി വ്യക്തമാക്കുന്നു. ജൂണ്‍ 15-16 ദിവസങ്ങളിലായിരുന്നു സംഭവം. ഇരുട്ടിന്റെ മറവില്‍ ഗാല്‍വന്‍ നദി കടക്കാനുള്ള ശ്രമത്തിനിടെയാണ് ചൈനീസ് സൈനികര്‍ അപായപ്പെട്ടതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ജൂണ്‍ 15 ന് രാത്രി ഗാല്‍വാന്‍ താഴ്‌വരയിലെ ചൈനീസ് കയ്യേറ്റം നീക്കാന്‍ ഇന്ത്യന്‍ സൈന്യം പോയിരുന്നു. ചൈനയുടെ കേണല്‍ ക്വി ഫാബാവോയെയും 150 ചൈനീസ് സൈനികരെയും അവര്‍ കണ്ടു. ഇന്ത്യന്‍ സൈനികരുമായി പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനുപകരം അവര്‍ ഒരു ഏറ്റുമുട്ടലിന് കോപ്പുകൂട്ടുകയാണ് ചെയ്തത്.

കേണല്‍ ഫാബാവോ ആക്രമിച്ച നിമിഷം, ഉടന്‍ തന്നെ ഇന്ത്യന്‍ സൈന്യം അദ്ദേഹത്തെ ഉപരോധിച്ചു. അദ്ദേഹത്തെ രക്ഷിക്കാന്‍, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ബറ്റാലിയന്‍ കമാന്‍ഡര്‍ ചെന്‍ ഹോങ്ജുനും സൈനികന്‍ ചെന്‍ സിയാങ്‌റോണും സ്റ്റീല്‍ പൈപ്പുകളും വടികളും കല്ലുകളും ഉപയോഗിച്ച് ഇന്ത്യന്‍ സൈനികരുമായി നേരിട്ട് ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ മൂന്നു ചൈനീസ് സൈനികര്‍ മരിച്ചതോടെ അവര്‍ പരിഭ്രാന്തരായി പിന്മാറി.

മരിച്ച സൈനികരിലൊരാളായ വാങ് ഷുറാന്‍, പിന്‍വാങ്ങിയ ചൈനീസ് സൈനികരെ സഹായിക്കാനായി രംഗത്തു വന്നിരുന്നു. പെട്ടെന്നുള്ള പിന്മാറ്റത്തിനിടെ ചൈനീസ് സൈനികര്‍ക്ക് വാട്ടര്‍ പാന്റ് ധരിക്കാന്‍ പോലും സമയം ലഭിച്ചില്ല. വാങിന്റെ മാര്‍ഗനിര്‍ദേശപ്രകാരം ഇരുട്ടില്‍ നദിയിലെ മഞ്ഞുമൂടിയ വെള്ളം കടക്കാന്‍ ശ്രമിച്ചപ്പോള്‍, പെട്ടെന്ന് നദിയില്‍ ജലനിരപ്പ് ഉയരുകയും സൈനീകര്‍ ഒഴുക്കില്‍പ്പെടുകയുമായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഗാല്‍വന്‍ സംഘര്‍ഷത്തില്‍ തങ്ങളുടെ ഭാഗത്ത് നാശനഷ്ടമൊന്നും സംഭവിച്ചില്ലെന്നാണ് ചൈന ആദ്യം പറഞ്ഞിരുന്നത്. പിന്നീട് സംഘര്‍ഷത്തില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ടതായി ചൈനീസ് സൈന്യം സമ്മതിച്ചു. ഈ നാലുപേര്‍ക്കും 2021 ഫെബ്രുവരിയില്‍ മരണാനന്തര ബഹുമതിയായി സൈനിക മെഡലുകളും ബീജിങ് പ്രഖ്യാപിച്ചിരുന്നു. സംഘര്‍ഷത്തില്‍ ഇന്ത്യയുടെ 20 സൈനികരാണ് വീരമൃത്യു വരിച്ചത്.

Leave a Reply