മുംബൈ: വിവാഹം കഴിക്കാമെന്ന് അറിയിച്ചതിനെ തുടർന്ന് 16കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ അറസ്റ്റിലായ 25കാരന് ജാമ്യം. പോക്സോ കേസിലാണ് മുംബൈ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്.
പെൺകുട്ടിയുടെ സമ്മതത്തോടെയാണ് യുവാവ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് കോടതി നിരീക്ഷിച്ചു. വിവാഹിതനായ പ്രതി പെൺകുട്ടിയെ രണ്ടുവർഷം കഴിയുേമ്പാൾ വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകുകയായിരുന്നു.
പെൺകുട്ടിയുടെ മാതാവ് യുവാവിന്റെ ജാമ്യത്തിന് എതിർപ്പില്ലെന്ന് അറിയിച്ച് സത്യവാങ്മൂലം കോടതിയിൽ നൽകുകയും ചെയ്തു. കുഞ്ഞിന് ജന്മം നൽകുന്ന മകൾക്ക് യുവാവ് തന്നെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹമെന്നും മാതാവ് കോടതിയെ അറിയിച്ചു.
ജാമ്യത്തിനായി പ്രതി രണ്ടാംതവണയാണ് യുവാവ് കോടതിയെ സമീപിക്കുന്നത്. ആദ്യതവണ കോടതി ജാമ്യം നിഷേധിച്ചിരുന്നു.
എന്നാൽ, യുവാവിന് ജാമ്യം നൽകുന്നതിനെ പൊലീസ് കോടതിയിൽ എതിർത്തു. യുവാവിന്റെ ആദ്യഭാര്യ രണ്ടാം വിവാഹത്തിന് എതിർക്കുമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഭാവിയിലെ അനന്തരഫലങ്ങൾ മനസിലാക്കാൻ കഴിയാത്ത പ്രായപൂർത്തിയാകാത്ത കുട്ടിയെ കുടുക്കുകയായിരുന്നുവെന്നും കേസിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടിയാണ് വിവാഹം എന്ന മാർഗം യുവാവ് കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി. ഗർഭിണിയാണെന്ന വിവരം പെൺകുട്ടി യുവാവിനോട് പറഞ്ഞപ്പാൾ സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് ഗർഭിണിയാണെന്ന വിവരം പെൺകുട്ടി വീട്ടുകാരിൽനിന്ന് മറച്ചുവെക്കുകയായിരുന്നു.
ശരീരത്തിലെ മാറ്റങ്ങൾ മനസിലാക്കി പെൺകുട്ടി ഗർഭിണിയാണെന്ന് മാതാവ് മനസിലാക്കിയതോടെ കുടുംബം 25കാരനെതിരെ പരാതി നൽകുകയായിരുന്നു. ഒക്ടോബർ 23നാണ് ഇയാൾ അറസ്റ്റിലാകുന്നത്.
പ്രതിയുടെ ആദ്യവിവാഹത്തെക്കുറിച്ച് പെൺകുട്ടിക്ക് അറിവുണ്ടായിരുന്നുവെന്നും പ്രതിയെ വിവാഹം കഴിക്കാൻ പെൺകുട്ടിക്ക് സമ്മതമാണെന്നും കോടതി നിരീക്ഷിച്ചു. പെൺകുട്ടിക്ക് 18 വയസാകുേമ്പാൾ വിവാഹം കഴിക്കാമെന്ന് പ്രതി ഉറപ്പുനൽകുകയും ചെയ്തു. അതിനാൽ പരസ്പര സമ്മതത്തോടെയാണ് ഇരുവരുടെയും ബന്ധമെന്ന് ചൂണ്ടിക്കാട്ടിയ കോടതി 25കാരന് ജാമ്യം അനുവദിക്കുകയായിരുന്നു.
English summary
25-year-old man arrested for raping 16-year-old girl and making her pregnant