ബെംഗളൂരു: മോഷ്ടിച്ച പണംകൊണ്ട് കാമുകിക്കായി ആഡംബര വീട് നിർമിച്ച മോഷ്ടാവിനെ പിടികൂടി ബെംഗളൂരു പിടികൂടി. 37 വയസുകാരനായ പ്രതി മൂന്ന് കോടി രൂപ മുടക്കിയാണ് വീട് നിർമിച്ചത്. പഞ്ചാക്ഷരി സ്വാമിയെന്ന ഇയാൾക്ക് ഒരു പ്രമുഖ നടിയുമായി ബന്ധമുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.
ദീർഘനാളായി മഡിവാള പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതി. മഹാരാഷ്ട്രയിലെ സോലാപൂർ സ്വദേശിയായ ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. 2003 മുതൽ മോഷണം ആരംഭിച്ച ഇയാൾ 2009 ആയപ്പോഴേക്കും ഒരു പ്രൊഫഷണൽ മോഷ്ടാവായി മാറിയെന്ന് പോലീസ് പറയുന്നു. കുറ്റകൃത്യങ്ങളിലൂടെ കോടികളുടെ സ്വത്ത് സമ്പാദനം നടത്തിയ ഇയാൾക്ക് 2014-15 കാലഘട്ടത്തിൽ ഒരു പ്രമുഖ നടിയുമായി പ്രണയബന്ധമുണ്ടായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേർത്തു.
ചോദ്യം ചെയ്യലിൽ നടിക്കുവേണ്ടി കോടികൾ ചെലവഴിച്ചതായി പ്രതി സമ്മതിച്ചു. കൊൽക്കത്തയിലെ മൂന്ന് കോടി രൂപ ചെലവിട്ട വീട് നിർമിക്കുകയും 22 ലക്ഷം രൂപയോളം വില വരുന്ന അക്വേറിയം സമ്മാനമായി നൽകുകയും ചെയ്തതായി ഇയാൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
2016ൽ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്ത് ഇയാളെ ആറ് വർഷത്തെ തടവിന് ശിക്ഷിച്ചു. എന്നാൽ അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം പ്രതി വീണ്ടും മോഷണ കൃത്യങ്ങൾ തുടർന്നു. പിന്നീട് സമാനമായ കുറ്റകൃത്യങ്ങൾക്ക് മഹാരാഷ്ട്ര പോലീസ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തു. 2024-ൽ
ജയിൽ മോചിതനായ ശേഷം ഇയാൾ തൻ്റെ താവളം ബെംഗളൂരുവിലേക്ക് മാറ്റി. വീണ്ടും ഇയാൾ മോഷണം തന്നെ തുടർന്നതായും പോലീസ് പറഞ്ഞു.
ജനുവരി ഒമ്പതിന് ബെംഗളൂരുവിലെ മഡിവാളയിലുള്ള ഒരു വീട്ടിൽ ഇയാൾ മോഷണം നടത്തി. രഹസ്യവിവരം ലഭിച്ചപ്പോൾ മഡിവാള മാർക്കറ്റ് പരിസരത്ത് നിന്ന് പോലീസ് ഇയാളെ പിടികൂടി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാൾ മുൻപ് മോഷ്ടിച്ച സ്വർണം ഉരുക്കി സ്വർണ ബിസ്‌കറ്റുകളാക്കി മാറ്റാൻ ഉപയോഗിച്ച ഇരുമ്പ് ദണ്ഡും ഫയർ ഗണ്ണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നിലവിൽ 181 ഗ്രാം സ്വർണ ബിസ്‌ക്കറ്റുകൾ, 333 ഗ്രാം വെള്ളി, ആഭരണങ്ങൾ ഉരുക്കാനുപയോഗിച്ച ഫയർ ഗൺ എന്നിവ പോലീസ് പിടിച്ചെടുത്തു. കുറ്റകൃത്യങ്ങൾ ചെയ്ത ശേഷം സംശയം തോന്നാതിരിക്കാൻ വഴിയിൽ വച്ച് ഇയാൾ വസ്ത്രം മാറാറുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.