ഡെറാഡൂൺ : ഉത്തരാഖണ്ഡ് ദേശീയ ഗെയിംസിന്റെ രണ്ടാം ദിനത്തിൽ രണ്ട് സ്വർണമെഡലുകളുമായി കേരളം. വനിതകളുടെ വെയ്റ്റ് ലിഫ്ടിംഗിലും നീന്തലിലുമാണ് ഇന്നലെ കേരളം പൊണിഞ്ഞത്. ഇന്നലെ രാവിലെ വനിതകളുടെ 45 കിലോഗ്രാം വെയ്റ്റ് ലിഫ്റ്റിംഗിൽ സുഫ്‌ന ജാസ്മിൻ പി.എസാണ് ഈ ഗെയിംസിൽ കേരളത്തിന്റെ ആദ്യ സ്വർണം നേടിയത്. വൈകിട്ട് 200 മീറ്റർ ബ്രെസ്റ്റ് സ്‌ട്രോക്കിൽ ഹർഷിത ജയറാം രണ്ടാം സ്വർണവും അക്കൗണ്ടിലെത്തിച്ചു.
ഇതോടെ കേരളത്തിന്റെ ആകെ മെഡലുകളുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം നീന്തലിൽ സാജൻ പ്രകാശ് രണ്ട് വെങ്കലങ്ങൾ നേടിയിരുന്നു.സ്‌നാച്ചിൽ 72 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 87 കിലോയും ഉയർത്തിയാണ് സുഫ്‌ന ഒന്നാമതെത്തിയത്. സ്‌പോർട്‌സ് കൗൺസിൽ പരിശീലക ചിത്ര ചന്ദ്രമോഹനാണ് സുഫ്‌നയുടെ പരിശീലക.
കഴിഞ്ഞ സീനിയർ നാഷണൽസിൽ സ്‌നാച്ചിൽ 76 കിലോ യും ക്ലീൻ ആൻഡ് ജെർക്കിൽ 94 കിലോയും ഉയർത്തി സുഫ്‌ന റെക്കാർഡ് സൃഷ്ടിച്ചിരുന്നു. പരവരഗത്ത് വീട്ടിൽ സലീം ആണ് പിതാവ്. ഖദീജ മാതാവും തസ്ലീമ നസ്‌റിൻ, സുൽഫിയ ഷെറിൻ എന്നിവർ സഹോദരങ്ങളുമാണ്.
നീന്തലിൽ കേരളത്തിന്റെ വനിതാ പ്രതീക്ഷയായ ഹർഷിത ജയറാം 200 മീറ്റർ ബ്രസ്റ്റ് സ്‌ട്രോക്കിൽ 2.42.38 സെക്കന്റിൽ നീന്തിയെത്തിയാണ് സ്വർണം സ്വന്തമാക്കിയത്.
കഴിഞ്ഞ ദേശീയ ഗെയിംസിലും ഇതേ ഇനത്തിൽ സ്വർണം നേടിയിരുന്നു. തൃശൂർ സ്വദേശിനിയായ ഹർഷിത ബെംഗളൂരുവിലാണ് സ്ഥിര താമസം. സൗത്ത് വെസ്റ്റ് റെയിൽവേയിലാണ് ജോലി. കണ്ണൂർ സ്വദേശി ജയരാജ് ആണ് പരിശീലകൻ.
സെമിയിൽ അസാമിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് കേരളം വനിതാ ബീച്ച് ഹാൻഡ്ബാളിൽ ഫൈനലിലെത്തി. തുടർച്ചയായി രണ്ടാം ദേശീയ ഗെയിംസിലാണ് കേരളത്തിന്റെ ഫൈനൽ പ്രവേശനം. നിശ്ചിത സമയം പിന്നിട്ടപ്പോൾ ഇരുടീമുകളും ഓരോ പകുതിയിലും ജയം നേടി.
കേരളത്തിന് വേണ്ടി അശ്വതി 12 ഉം അൽഫോൺസ 10 ഉം പോയിന്റ് വീതം നേടി. പെനാൽറ്റി ഷൂട്ടൗട്ടിൽ ഗോൾ കീപ്പർ ഐശ്വര്യയാണ് രക്ഷകയായത്. ശ്വാസ തടസവും ആരോഗ്യ പ്രശ്‌നവും കാരണം ഐശ്വര്യ കഴിഞ്ഞ ദിവസം ആശുപത്രിയിലായിരുന്നു. സെമി ഫൈനലിന് കഴിഞ്ഞ് ആശുപത്രിയിൽ തിരികെ പ്രവേശിക്കേണ്ടിയും വന്നു. ഐശ്വര്യക്ക് ഫൈനൽ മത്സരം നഷ്ടമായേക്കും.