ബെംഗളൂരു: ബഹിരാകാശത്ത് വീണ്ടും നിർണായക പരീക്ഷണവുമായി ഐഎസ്ആർഒ. മറ്റൊരു യന്ത്രക്കൈ പരീക്ഷണം കൂടി നടത്തി. ബഹിരാകാശത്ത് വസ്തുക്കൾ ശേഖരിക്കുന്ന റോബോട്ടിക് പരീക്ഷണം വിജയകരമായെന്ന് ഐഎസ്ആർഒ പറഞ്ഞു.
തിരുവനന്തപുരം വിഎസ്എസ്‌സിയാണ് യന്ത്രക്കൈ നിർമിച്ചത്. ബഹിരാകാശത്ത് പ്രവർത്തിക്കുന്ന റോബോട്ടിന്റെ വീഡിയോയും ഐഎസ്ആർഒ പുറത്തുവിട്ടു.
അടുത്തിടെ നടന്ന ഇന്ത്യയുടെ രണ്ടാമത്തെ റോബോട്ടിക് പരീക്ഷണമാണിത്. നടക്കുന്ന റോബോട്ടിന്റെ പ്രവർത്തനവും ഐഎസ്ആർഒ പരീക്ഷിച്ചിരുന്നു. രണ്ട് റോബോട്ടുകളും സ്‌പെയ്‌ഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായുള്ള പിഎസ്എൽവി സി – 60 പേടകത്തിലാണ് ബഹിരാകാശത്തെത്തിയത്. നേരത്തെ വിത്തുമുളപ്പിൽ ദൗത്യം വിജയിച്ചതും ഐഎസ്ആർഒ പുറത്തുവിട്ടിരുന്നു.
ചൊവ്വാഴ്ച നടക്കേണ്ടിരുന്ന സ്‌പെയ്‌ഡെക്‌സിന്റെ ഡോക്കിംഗ് പരീക്ഷണം വ്യാഴാഴ്ചയിലേക്ക് മാറ്റിയിരുന്നു. ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽ വച്ച് കൂട്ടിയോജിപ്പിക്കുന്ന ദൗത്യമാണിത്. ചൊവ്വാഴ്ച രാവിലെ 9 നും 10 നും ഇടയിൽ നടക്കേണ്ടിയിരുന്ന ദൗത്യമായിരുന്നു മാറ്റിവച്ചത്.