തിരുവനന്തപുരത്ത് യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; ഒപ്പം താമസിച്ചയാളെ കാണാനില്ല; കൊലപാതകമെന്ന് സംശയിച്ച് പൊലീസ്

0

തിരുവനന്തപുരം: കണിയാപുരം കാരിച്ചറയിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണിയാപുരം കണ്ടൽ നിവാസിൽ ഷാനു എന്ന വിജിയെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്കൊപ്പം കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശിയായ യുവാവിനെ കാണാനില്ല.

വീടിനുള്ളിലെ ഹാളിൽ തറയിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വൈകീട്ട് അഞ്ചരയോടെ സ്കൂൾ കഴിഞ്ഞെത്തിയ വിജിയുടെ മക്കളാണ് മൃതദേഹം ആദ്യം കാണുന്നത്. തുടർന്ന് അയൽക്കാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

വിജിയുടെ ആദ്യഭർത്താവ് മരിച്ചിരുന്നു. ഇവർ കുറച്ചുനാളുകളായി തമിഴ്‌നാട് സ്വദേശി രംഗനുമൊത്ത് ഒരുമിച്ചാണ് താമസമെന്ന് നാട്ടുകാർ പറയുന്നു. രംഗൻ ഹോട്ടൽ ജീവനക്കാരനാണ്. രാവിലെ സ്കൂളിൽ പോകാൻ ഇറങ്ങുമ്പോൾ ഇരുവരും വീട്ടിൽ ഉണ്ടായിരുന്നതായാണ് കുട്ടികളുടെ മൊഴി. സംഭവശേഷം കാണാതായ രംഗനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply