തിരുവനന്തപുരം: സാഹിത്യരചന നടത്താന്‍ ആഗ്രഹിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഇനി സ്വന്തം വകുപ്പ്മേധാവി കനിഞ്ഞാല്‍മതി. ജീവനക്കാര്‍ക്കിടയിലെ സാഹിത്യകാരന്മാരുടെ എണ്ണം കൂടിയതോടെയാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ പുതിയ തീരുമാനം.
നിലവില്‍ ജീവനക്കാര്‍ക്ക് ഏതെങ്കിലും സാഹിത്യ കൃതി പ്രസിദ്ധീകരിക്കണമെങ്കില്‍ വകുപ്പ് മേധാവി വഴി സര്‍ക്കാരിന്റെ അനുമതി തേടണം. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നതൊന്നുമില്ലെന്ന് ഉറപ്പാക്കാന്‍ രചനയുടെ പകര്‍പ്പ് സഹിതം അപേക്ഷിക്കണമെന്നായിരുന്നു ചട്ടം. ഇതൊക്കെ പാലിച്ച് തന്നെ ലഭിക്കുന്ന അപേക്ഷകള്‍ കുന്നുകൂടുന്നത് സര്‍ക്കാരിന് തലവേദനയായിരുന്നു.
അതിനാല്‍ ഇത്തരം അപേക്ഷകളില്‍ ഇനി മുതല്‍ വകുപ്പ് മേധാവിതന്നെ തീരുമാനമെടുത്താല്‍ മതിയെന്നാണ് തീരുമാനം. സാഹിത്യ കൃതികള്‍ പ്രസിദ്ധീകരിച്ച് ജീവനക്കാര്‍ പ്രതിഫലം കൈപ്പറ്റുന്നില്ലെന്നും ഉറപ്പാക്കും.