ലക്നൗ: മഹാകുംഭമേളയോടനുബന്ധിച്ച് പ്രയാഗ്‌രാജിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഈ മാസം14-ന് ആരംഭിച്ച് 29-ന് സമാപിക്കുന്ന മഹാകുംഭമേളയിൽ പങ്കെടുക്കുന്നതിനായി ആയിരക്കണക്കിന് വിശ്വാസികളാണ് പ്രയാഗ്‌രാജിലേക്ക് ഒഴുകിയെത്തുന്നത്. കുംഭമേള ആരംഭിക്കാനിരിക്കെ വിനോദസഞ്ചാരികൾക്കും തീർത്ഥാടകർക്കും വേണ്ടി പ്രയാഗ്‌രാജ് റെയിൽവേ സ്റ്റേഷനുള്ളിലായി റെയിൽ കോച്ച് റെസ്റ്റോറന്റ് സ്ഥാപിച്ചു. ഉപയോഗിക്കാത്ത റെയിൽവേ കോച്ചിനുള്ളിലാണ് റെസ്റ്റോറൻ്റ് നിർമിച്ചിരിക്കുന്നത്.
മഹാകുംഭമേളയിൽ പങ്കെടുക്കുന്നവർക്ക് വേണ്ടിയാണ് റെസ്റ്റോറന്റ് നിർമിച്ചതെന്നും പൂർണമായും സസ്യാഹാരം മാത്രമായിരിക്കും നൽകുകയെന്നും റെസ്റ്റോറന്റ് ഉടമ പറഞ്ഞു. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ഉപയോഗശൂന്യമായ കോച്ചിൽ റെസ്റ്റോറന്റ് തുടങ്ങണമെന്ന പദ്ധതി നേരത്തെ തന്നെ ഉണ്ടായിരുന്നതായും എന്നാൽ മഹാകുംഭമേളയോടനുബന്ധിച്ചാണ് ഇപ്പോൾ ആരംഭിക്കാൻ തീരുമാനിച്ചതെന്നും റെയിൽവേ അറിയിച്ചു.
ധാരാളം ആളുകളാണ് റെസ്റ്റോറന്റിലേക്ക് എത്തുന്നത്. സമാധാനപരമായ അന്തരീഷമാണ് റെസ്റ്റോറന്റിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രയാഗ്‌രാജിലെ സെൽഫി പോയിന്റായി മാറിയിരിക്കുകയാണ് റെയിൽ കോച്ച് റെസ്റ്റോറന്റ്. റെയിൽവേയുടെ പുതിയ പദ്ധതിയെ പ്രശംസിക്കുകയാണ് യാത്രക്കാർ.
കുംഭമേള തുടങ്ങാൻ രണ്ട് ദിവസം മാത്രം ശേഷിക്കേ, പ്രയാഗ്‌രാജിൽ സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ അതിർത്തി ജില്ലകളിലും സുരക്ഷാക്രമീകരണങ്ങൾ നടത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയിരുന്നു. പ്രയാഗ്‌രാജിലേക്ക് കടക്കുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കും. ഇതിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പ്രയാഗ്‌രാജിന്റെ അതിർത്തി ജില്ലകളിൽ മാത്രം 1,000 പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.