പി.വി. അൻവർ ജയിലിൽ നിന്ന് പുറത്തേക്ക്; ഇനി യുഡിഎഫുമായി കൈകോർത്തുള്ള പോരാട്ടമെന്ന് പ്രതികരണം

0

നിലമ്പൂർ: വനവാസി യുവാവിനെ കാട്ടാന ചവിട്ടക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്തതിന് അറസ്റ്റിലായ പി.വി അൻവർ എംഎൽഎ ജയിലിൽ നിന്ന് പുറത്തിറങ്ങി. രാത്രി 8.35 ഓടെയാണ് അൻവർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. യുഡിഎഫുമായി കൈകോർക്കുമെന്ന സൂചനയും അൻവർ നൽകി.

പിണറായി സർക്കാരിനെ വിമർശിക്കവേയാണ് യുഡിഎഫുമായി കൈകോർത്തുള്ള പോരാട്ടമായിരിക്കും ഇനി നടക്കുകയെന്ന് അൻവർ സ്ഥിരീകരിച്ചത്. ഒറ്റയാൾ പോരാട്ടമാണ് ഇതുവരെ നടത്തിയത്. വേറിട്ട ഒറ്റയാൾ പോരാട്ടം മാറ്റി നിർത്തി പിണറായിയുടെ ദുർഭരണത്തിനും ഭരണകൂട ഭീകരതയ്‌ക്കെതിരെ യുഡിഎഫുമായി കൈകോർത്ത് ഒറ്റക്കെട്ടായി നിന്ന് പിണറായിസത്തെ താഴെയിറക്കാനുള്ള പോരാട്ടത്തിനായിരിക്കും തന്റെ പിന്തുണയെന്ന് ആയിരുന്നു വാക്കുകൾ. വരും ദിവസങ്ങളിൽ യുഡിഎഫും കർഷക സംഘങ്ങളുമായി കൈകോർത്ത് പോരാടുമെന്നും അൻവർ കൂട്ടിച്ചേർത്തു.

യുഡിഎഫ് നേതാക്കളും കെ. സുധാകരനും വി.ഡി. സതീശനും ഉൾപ്പെടെയുള്ളവർ ധാർമ്മിക പിന്തുണ നൽകിയെന്നത് ആശ്വാസകരമാണ്. യുഡിഎഫ് നേതാക്കളുടെ പിന്തുണ സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു, അതിന് നന്ദി അറിയിക്കുന്നു. പിണറായിയുടെ ഭരണകൂട ഭീകരതയ്‌ക്കെതിരെ യുഡിഎഫുമായി കൈകോർത്തുകൊണ്ട് പിണറായി സർക്കാരിനെ താഴെയിറക്കാനുള്ള പോരാട്ടത്തിനായിരിക്കും ഇനി തന്റെ പിന്തുണയെന്ന് അൻവർ പറഞ്ഞു.

പിണറായിക്കെതിരായ സമരം അതിശക്തമാക്കി മുന്നോട്ടുപോകും. താങ്കൾ യുഡിഎഫ് നേതാക്കളെ അങ്ങോട്ട് സമീപിക്കുമോ എന്ന ചോദ്യത്തിന് ഒരു പാലം ഉണ്ടെങ്കിൽ എവിടെ നിന്ന് നടക്കുമെന്ന് ചോദിക്കുന്നതിൽ കാര്യമില്ലെന്ന് ആയിരുന്നു അൻവറിന്റെ മറുപടി.

ഇന്നലെ രാത്രി 9.45 ഓടെയാണ് പി.വി അൻവറിനെ വീട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതോടെയാണ് ജയിലിൽ നിന്ന് രാത്രിയോടെ പുറത്തിറങ്ങിയത്. മറ്റ് പ്രതികളെ കണ്ടെത്താൻ അൻവറിനെ കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷൻ വാദം തള്ളിയാണ് കോടതി ജാമ്യം നൽകിയത്. അൻവർ പുറത്തിറങ്ങുന്നതിന് തൊട്ടുമുൻപ് അൻവറിനൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്ത മറ്റൊരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അൻവർ ഉൾപ്പെടെ 11 പേർക്കെതിരെയാണ് കേസെടുത്തത്. ഇതിൽ ആറാമത്തെ അറസ്റ്റാണ് വൈകിട്ട് നടന്നത്.

Leave a Reply