വിഴിഞ്ഞത്ത് ഒരു ചുവട് കൂടി; ആദ്യമായി ഒരേസമയം മൂന്ന് കപ്പലുകൾ ബെർത്തിലടുപ്പിച്ചു

0

വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് ഇതാദ്യമായി മൂന്ന് ചരക്കുകപ്പലുകള്‍ അടുത്തു. ലോകത്തെ എറ്റവും വലിയ കപ്പല്‍ കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ മൂന്ന് ഫീഡര്‍ കപ്പലുകളാണ് വിഴിഞ്ഞത്ത് അടുപ്പിച്ചത്.ഞായറാഴ്ച വൈകീട്ടോടെ ആന്ധ്രപ്രദേശിലെ കാക്കിനാഡ തുറമുഖത്തുനിന്നെത്തിയ ടൈഗര്‍, ബംഗ്ലാദേശില്‍ നിന്നെത്തിയ സുജിന്‍, സോമിന്‍ എന്നീ കപ്പലുകളാണ് തുറമുഖത്ത് അടുപ്പിച്ചത്.

പുറംകടലിലെത്തിയ കപ്പലുകളെ ഞായറാഴ്ച ഉച്ചയോടെയാണ് ഘട്ടംഘട്ടമായി ടഗ്ഗുകളുടെ സഹായത്തോടെ ബെര്‍ത്തിലടുപ്പിച്ചത്. തുടര്‍ന്ന് ക്രെയിനുകളുടെ സഹായത്തോടെ കപ്പലുകളില്‍നിന്നുള്ള കണ്ടെയ്നറുകളുടെ നീക്കവും തുടങ്ങി. തുറമുഖത്ത് നിലവിൽ 800 മീറ്റര്‍ ബെർത്ത് ആണ് പൂര്‍ത്തിയായത്. ഇതിന്റെ 700 മീറ്ററും ഉപയോഗിച്ചാണ് കപ്പലുകളെ അടുപ്പിച്ചതെന്ന് തുറമുഖ അധികൃതര്‍ പറഞ്ഞു.രണ്ടുമാസം മുന്‍പ് രണ്ടു കപ്പലുകൾ ഒരേസമയം അടുപ്പിച്ച് ചരക്കുനീക്കം നടത്തിയിരുന്നു.
ടൈഗര്‍, സുജിന്‍, സോമിന്‍ എന്നീ ഫീഡര്‍ കപ്പലുകൾ ഇവിടെനിന്ന് കണ്ടെയ്നറുകളും കയറ്റിയാവും അതത് രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്കു പുറപ്പെടുക.

Leave a Reply