വായ്പാ പദ്ധതിയിലൂടെ രണ്ട് ലക്ഷം രൂപ ! മുഖ്യമന്ത്രിയുടെ പേരിലും സൈബര്‍ തട്ടിപ്പ്

0

പട്ടാമ്പി: പുതുവര്‍ഷത്തില്‍ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞും സൈബര്‍തട്ടിപ്പ്. സൗജന്യ മൊബൈല്‍ റീച്ചാര്‍ജ്, മുഖ്യമന്ത്രിയുടെ വായ്പാപദ്ധതി എന്നീ പേരുകളിലാണ് തട്ടിപ്പ് നടക്കുന്നത്.

മുഖ്യമന്ത്രിയുടെ വായ്പാ പദ്ധതിയിലൂടെ രണ്ട് ലക്ഷംരൂപ ലോണ്‍ നല്‍കുന്നുണ്ടെന്ന് അറിയിച്ചാണ് തട്ടിപ്പുകാര്‍ ഇരകളെ വലയിലാക്കുന്നത്. സിബില്‍ സ്‌കോര്‍ ആവശ്യമില്ല, പ്രതിമാസം 2,190 രൂപ മാത്രമേ തിരിച്ചടവ് വരികയുള്ളൂ എന്നാണ് സന്ദേശങ്ങളില്‍ വരുന്നത്. ഇതിന് ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ ആവശ്യപ്പെടും. ആധാറും പാന്‍കാര്‍ഡും അയച്ചുകൊടുക്കുന്നതിനുപിന്നാലെ മൊബൈലിലേക്ക് വരുന്ന ഒ.ടി.പി. നമ്പര്‍ ആവശ്യപ്പെടും. ഇത് അയച്ചുകൊടുക്കുന്നതോടെ അക്കൗണ്ടിലെ പണവും നഷ്ടമാകും.

724 രൂപയുടെ മൊബൈല്‍ റീച്ചാര്‍ജ് സൗജന്യമായി നല്‍കുമെന്ന് പറഞ്ഞാണ് മറ്റൊരു തട്ടിപ്പ്. പുതുവര്‍ഷത്തിന്റെ സന്തോഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാവര്‍ക്കും മൂന്ന് മാസത്തേക്ക് 749 രൂപയുടെ റീച്ചാര്‍ജ് സൗജന്യമായി നല്‍കുന്നു. അതിനായി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇപ്പോള്‍ത്തന്നെ റീച്ചാര്‍ജിന്റെ പ്രയോജനം നേടൂ. ഈ ഓഫര്‍ പരിമിതകാലത്തേക്ക് മാത്രം ഇങ്ങനെയാണ് വാട്സാപ്പ് സന്ദേശം.

താഴെ ഒരു ലിങ്കും നല്‍കിയിരിക്കും. ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അക്കൗണ്ടിലുള്ള പണം നഷ്ടമാകും. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ലിങ്കുകളില്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ ഒരു മണിക്കൂറിനകം 1930 എന്ന നമ്പറില്‍ അറിയിക്കണമെന്നും പൊലീസ് നിര്‍ദേശമുണ്ട്.

Leave a Reply