കണ്ണൂർ: ചിറക്കൽ കളരിവാതുക്കൽ ക്ഷേത്ര ഭൂമിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്വകാര്യ പ്ലൈവുഡ് കമ്പനിക്ക് ചട്ടം ലംഘിച്ച് പട്ടയം നൽകിയതായി പരാതി. വളപട്ടണം മിൽ റോഡിലുള്ള സ്വകാര്യ കമ്പനിക്കാണ് നിയമം ലംഘിച്ച് കൊണ്ട് പട്ടയം നൽകിയത്. ചിറക്കൽ ദേവസ്വത്തിന്റെ ഭാഗം കേൾക്കാതെയാണ് ലാൻഡ് റവന്യൂ ഡെപ്യൂട്ടി കളക്ടർ പട്ടയം അനുവദിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. അതേസമയം ചട്ടങ്ങൾ പാലിച്ചാണ് നടപടിയെന്നാണ് ഡെപ്യൂട്ടി കളക്ടറുടെ വാദം.
ദേവസ്വത്തിന്റെയും പ്ലൈവുഡ് കമ്പനിയുടെയും ഭാഗം കേട്ടതിന് മാത്രമേ പട്ടയം അനുവദിക്കാവൂ എന്നാണ് കോടതിയുടെ ഉത്തരവ്. മൂന്ന് മാസത്തെ സമയവും ഇതിനായി നിശ്ചയിച്ചിരുന്നു. കൂടാതെ തഹസിൽദാർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ പ്രസ്തുത ഭൂമി പരിശോധിച്ച് എതിർപ്പില്ലെന്ന് ബോധിപ്പിക്കുകയും വേണം. എന്നാൽ ക്ഷേത്ര ഭൂമിയുമായി
ബന്ധപ്പെട്ട് കോടതിയുടെ നിർദ്ദേശം പാലിച്ചില്ലെന്ന മാത്രമല്ല, ഭൂമിയുടെ രേഖകൾ ഹാജരാക്കാനുള്ള സാവകാശം പോലും അധികൃതർ നൽകിയില്ല.
ധൃതിപിടിച്ച് പട്ടയം അനുവദിച്ചതിൽ ദുരൂഹതയുണ്ടെന്ന് ചിറക്കൽ കോവിലകവും ക്ഷേത്രം ഭാരവാഹികളും ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലാകളക്ടർക്ക് ചിറക്കൽ കോവിലകം പരാതി നൽകിയിട്ടുണ്ട്. ചട്ടങ്ങൾ പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകാനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ അഴിമതി സംശയിക്കുന്ന പശ്ചാത്തലത്തിൽ വിജിലൻസിനും ലോകായുക്തയും സമീപിക്കാൻ ഒരുങ്ങുകയാണ് ഇരുകൂട്ടരും.