ന്യൂഡൽഹി: ഇലക്‌ട്രിക് ചാർജിംഗ് സ്റ്റേഷനുകൾക്ക് പുറമേ ബാറ്ററി സ്വാപ്പിംഗ് സെൻ്ററുകളും യാഥാർത്ഥ്യമാകുന്നു. വരുന്ന അഞ്ച് വർഷം കൊണ്ട് പദ്ധതി നടപ്പക്കാനാണ് ലക്ഷ്യമിടുന്നത്. ഇലക്‌ട്രിക് വാഹനങ്ങളുടെ ചാർജ് തീർന്ന ബാറ്ററി അതിവേഗം മാറ്റി ഘടിപ്പിക്കന്ന രീതിയാണ് ബാറ്ററി സ്വാപ്പിംഗ്.
2030 ആകുമ്പോഴേക്കും ദേശീയപാതകൾ അടക്കമുള്ള പ്രധാന റോഡുകളുടെ വശങ്ങളിൽ 20 കിലോമീറ്റർ ഇടവിട്ട് ഇലക്‌ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ യാഥാർത്ഥ്യമാക്കാനുള്ള മാർഗരേഖ സെപ്റ്റംബറിൽ കേന്ദ്രം പുറത്തിറക്കിയിരുന്നു. ഇതേ മാർഗരേഖ ബാറ്ററി സ്വാപ്പിംഗ് കേന്ദ്രങ്ങൾക്കും ബാധകമാകുമെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നു.
നിലവിൽ ഫിക്സഡ് ബാറ്ററി ഉൾപ്പടെയാണ് വാഹനം വാങ്ങുന്നത്. നിശ്ചിത വരിസംഖ്യ നൽകിയാൽ ചാർജ് ചെയ്ത ബാറ്ററികൾ ലഭിക്കുന്നതാണ് ബാറ്ററി സ്വാപ്പിംഗ് രീതി. ചാർജ് തീരുമ്പോൾ മാറ്റിവയ്‌ക്കാം. ചാർജ് ചെയ്യാനായി കാത്തിരിക്കേണ്ടി വരില്ല. 2030-ൽ ഓരോ ദേശീയപാതയിലും 100 കിലോമീറ്റർ ഇടവിട്ട് വലിയ ഇലക്‌ട്രിക് വാഹനങ്ങൾക്കുള്ള ഫാസറ്റ് ചാർജിംഗ് സ്റ്റേഷനുകളുണ്ടാകും.
സ്വകാര്യ കമ്പനികൾക്ക് സർക്കാർ ഭൂമിയിൽ പബ്ലിക് ഇലക്‌ട്രിക് വാഹന ചാർജിഗ് സ്റ്റേഷനുകളും സ്വാപ്പിംഗ് സെൻ്ററുകളും തുടങ്ങാനും അവസരമുണ്ടാകും. വരുമാനം പങ്കിടുന്ന രതത്തിലായിരിക്കും ഇത്.