ഇടുക്കി: പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. വിനോദയാത്രാ സംഘത്തിലുണ്ടായിരുന്ന അരുൺ ഹരി, രമ മോഹനൻ, സംഗീത്,ബിന്ദു എന്നിവരാണ് മരണപ്പെട്ടത്. ഇവർ മാവേലിക്കര സ്വദേശികളാണ്. ബസിൽ 34 യാത്രക്കാർ ഉണ്ടായിരുന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ 6.15 ഓടെയാണ് അപകടം. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയ്‌ക്കുള്ള റോഡിലെ വളവിൽ വച്ചാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്. തഞ്ചാവൂരിലേക്കുള്ള വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരുന്നവഴിക്കാണ് അപകടം. ബസ് ചെരിവിലെ മരങ്ങളിൽ കുടുങ്ങി നിന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
ഹൈവേ പൊലീസ്, മോട്ടോർ വാഹനവകുപ്പിന്റെ സേഫ് സോൺ, ഫയർഫോഴ്‌സ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. മരിച്ചവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.