ട്രാക്കിൽ തീപാറുന്ന പോരാട്ടവുമായി ആരാധകരുടെ തല, ദുബായ് 24H റേസിംഗിൽ ഉഗ്രൻ നേട്ടം സ്വന്തമാക്കി അജിത്; പ്രശംസിച്ച് താരങ്ങൾ

0

ദുബായിൽ നടന്ന 24H എൻ‍ഡ്യൂറൻസ് റേസിം​ഗിൽ ഉജ്ജ്വല നേട്ടം സ്വന്തമാക്കി തമിഴ് സൂപ്പർ സ്റ്റാർ അജിത്. ട്രാക്കിൽ തീ പാറുന്ന പ്രകടനം കാഴ്ചവച്ച അജിതിന്റെ റേസിം​ഗ് ടീം മൂന്നാം സ്ഥാനമാണ് സ്വന്തമാക്കിയിരിക്കുന്നത്. അഭിനേതാവ് എന്നതിലുപരി റേസിം​ഗിൽ ഏറെ താത്പര്യമുള്ള അജിതിന്റെ ഈ നേട്ടത്തെ പ്രശംസിക്കുകയാണ് തെന്നിന്ത്യൻ സിനിമാ ലോകം.

911 കാറ്റ​ഗറിയിലാണ് അജിത്തും സം​ഘവും മൂന്നാം സ്ഥാനം നേടിയത്. ജിടി-4 വിഭാ​ഗത്തിൽ സ്പിരിറ്റ് ഓഫ് റേസ് ട്രോഫിയും താരം സ്വന്തമാക്കിയിട്ടുണ്ട്. ഭാര്യ ശാലിനി, മക്കളായ അനുഷ്ക, ആദ്‌വിക്‌, നടൻ മാധവൻ എന്നിവർ മത്സരം കാണാൻ എത്തിയിരുന്നു. സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നു, റിയൽ ​ഹീറോ എന്നാണ് അജിതിനെ പ്രശംസിച്ചുകൊണ്ട് മാധവൻ കുറിച്ചത്.

രാജ്യത്തിന് അഭിമാനമാണ് അജിതെന്ന് നടൻ നാ​ഗചൈതന്യ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. എന്തൊരു യാത്ര, എന്തൊരു വിജയം. നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നവെന്ന് നാ​ഗചൈതന്യ കുറിച്ചു.

അജിതിനെ ഓർക്കുമ്പോൾ ആവേശം തോന്നുന്നുവെന്നാണ് കമൽഹാസൻ കുറിച്ചത്. കന്നി മത്സരത്തിൽ തന്നെ അജിത് കുമാർ അസാധാരണ നേട്ടം കരസ്ഥമാക്കിയിരിക്കുന്നു. ഇന്ത്യൻ മോട്ടോർ സ്പോർട്സിലെ അഭിമാനകരമായ നിമിഷമാണിതെന്നും കമൽഹാസൻ എക്സിൽ കുറിച്ചു.

നടി സാമന്തയും അജിതിനെ പ്രശംസിച്ചുകൊണ്ട് ആശംസകൾ അറിയിച്ചു. കഠിനാധ്വാനത്തിന്റെ ഉത്തമ ഉദാഹരണമാണ് താങ്കളെന്ന് സാമന്ത കുറിച്ചു.

Leave a Reply