ന്യൂഡൽഹി: ജമ്മുവിനെയും കശ്മീർ താഴ്‌വരകളെയും ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേയുടെ സ്വപ്ന പദ്ധതിയാണ് യാഥാർത്ഥ്യമാവുന്നത്. കാലാവസ്ഥ വെല്ലുവിളികളെ കുറിച്ചും മറ്റും സൂക്ഷ്മമായി പഠിച്ച ശേഷമാണ് പുതിയ പദ്ധതിക്കുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിൽ, അമൃത് ഭാരത് ട്രെയിനിന്റെ പുതിയ കോച്ചുകളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഇത് ഭാരതത്തിന്റെ സുപ്രധാന പദ്ധതിയാണ്. നിരവധി സങ്കീർണതകൾ നിറഞ്ഞ പദ്ധതി പൂർത്തിയായിരിക്കുകയാണ്. കശ്മീരിന്റെ സ്വപ്ന പദ്ധതിയാണിത്. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ ട്രെയിൻ സർവീസ് ആരംഭിക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
111 കിലോമീറ്റർ നീളമുള്ള റെയിൽവേ ലൈനിൽ 97 കിലോമീറ്റർ തുരങ്കങ്ങളും ആറ് കിലോമീറ്റർ പാലങ്ങളുമുണ്ട്. താപനില മൈനസ് 10 ഡിഗ്രി സെൽഷ്യസ് അല്ലെങ്കിൽ മൈനസ് 20 ഡിഗ്രിയിലേക്ക് താഴാൻ സാധ്യതയുള്ളതിനാൽ ട്രെയിനിൽ പ്രത്യേകം സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാധുനിക സംവിധാനങ്ങളോടെയും സുരക്ഷാ ക്രമീകരണങ്ങളോടെയുമാണ് സർവീസ് നടത്തുക.
കശ്മീർ താഴ്‌വരകൾക്ക് ഇടയിലൂടെയുള്ള ട്രെയിൻ സർവീസുകൾ വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കും. കൂടാതെ പൊതുജനങ്ങൾക്കും ഏറെ സഹായകരമായിരിക്കും.