പ്രതീക്ഷയറ്റു, ഏക മകന്റെ വേർപാടിൽ വിങ്ങി വൽസനും ഭാര്യയും; വാഹനാപകടം തട്ടിയെടുത്ത ശ്രീദീപ് സംസ്ഥാന ഹഡിൽസ് താരം; ഞെട്ടലിൽ‌ പാലക്കാട് ശേഖരിപുരം

0

പാലക്കാട്: ശ്രീദീപിന്റെ വിയോ​ഗ വാർത്ത അറിഞ്ഞതിന് പിന്നാലെ ഞെട്ടലിലാണ് പാലക്കാട് ശേഖരിപുരം. ഏക മകന്റെ വേർപാട് ഉൾക്കൊള്ളനാകാതെ വിങ്ങുകയാണ് ശ്രീവിഹാർ വീട്ടിൽ വൽസനും ഭാര്യ ബിന്ദുവും. ഇന്നത്തെ സന്തോഷവും ഭാവിയുടെ പ്രതീക്ഷയുമായ ഏക മകനെയാണ് സ്കൂൾ അദ്ധ്യാപകനായ അച്ഛനും അഭിഭാഷകയായ അമ്മയ്‌ക്കും നഷ്ടമായത്.

അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നു ശ്രീദീപ്. അച്ഛനോടൊപ്പം പുറത്തുപോകുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അധികം ആരോടും സംസാരിച്ചില്ലെങ്കിലും കായികലോകത്തെ കില്ലാടിയായിരുന്നു ശ്രീദീപ്. സംസ്ഥാന ഹഡിൽസ് താരം കൂടിയാണ് വിട പറയുന്നത്. സിനിമ കണ്ട് തിരികെ വരാമെന്ന് പറഞ്ഞ് ശ്രീദീപ് വീട്ടിലേക്ക് വിളിച്ചിരുന്നു. അവസാന കോളായിരുന്നു അതെന്ന് ആ വീട് അറിഞ്ഞില്ല. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് മകന്റെ മരണവിവരം കുടുംബം അറിയുന്നത്.

55 ദിവസങ്ങൾക്ക് മുൻപാണ് ശ്രീദീപ് എംബിബിഎസ് പഠനത്തിനായി ആലപ്പുഴയിലെത്തിയത്. രണ്ടാമത്തെ ശ്രമത്തിലാണ് എൻട്രൻസിലൂടെ മെഡിക്കൽ പഠനത്തിന് ആലപ്പുഴ മെഡിക്കൽ കോളജിൽ എംബിബിഎസിന് പ്രവേശനം നേടിയത്. ശ്രീദീപ് ഭാരത് മാതാ സ്കൂളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

ഒറ്റ രാത്രി കൊണ്ട് അഞ്ച് സഹപാഠികളെ നഷ്ടമായതിന്റെ വേദനയിലാണ് ആലപ്പുഴ ടിഡി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികൾ. അഞ്ച് വർഷക്കാലം 128-ാം ബാച്ചിന്റെ ഒപ്പം ഉണ്ടാകേണ്ടിയവരാണ് വാഹനപകടം തട്ടിയെടുത്തത്. പരിചയപ്പെട്ടിട്ട് ഒന്നര മാസം മാത്രം ആയിട്ടുള്ളൂവെങ്കിലും എല്ലാവരുടെയും ദുരന്ത വാർത്ത എല്ലാവരെയും ഒരു പോലെ കണ്ണു നനയിച്ചു. മരണവിവരം അറിഞ്ഞ് സഹപാഠികൾ കെട്ടിപ്പിടിച്ച് പൊട്ടികരയുന്നതും മുഖം കുനിച്ചിരുന്ന കരയുന്നവരുടെയും കാഴ്ചകൾ കണ്ടുവിന്നവരെ കണ്ണീരിലാഴ്‌ത്തി.

ആലപ്പുഴ കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേരാണ് മരിച്ചത്. ആറ് പേർ ​ഗുരുതര പരിക്കുകളോടെ ഐസിയുവിലാണ്. കോട്ടയം പൂഞ്ഞാർ ചേന്നാട് സ്വദേശി ആയുഷ് ഷാജി, മലപ്പുറം കോട്ടയ്‌ക്കൽ ചീനംപുത്തൂർ സ്വദേശി ബി. ദേവാനന്ദൻ , കണ്ണൂർ വേങ്ങര മാടായി മുട്ടം സ്വദേശി മുഹമ്മദ് അബ്ദുൾ ജബ്ബാർ, ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടിൽ മുഹമ്മദ് ഇബ്രാഹിം എന്നിവരാണ് മരിച്ചത്.

Leave a Reply