‘സിനിമ ഉപേക്ഷിക്കുന്നു, ഇനിയുള്ള ജീവിതം കുടുംബത്തിനൊപ്പം’: വിരമിക്കല്‍ പ്രഖ്യാപിച്ച് വിക്രാന്ത് മാസി

0

12ത് ഫെയില്‍ സിനിമയിലൂടെ ഇന്ത്യന്‍ സിനിമാ പ്രേമികളുടെ ഒന്നാകെ ഹൃദയം കവര്‍ന്ന നടനാണ് വിക്രാന്ത് മാസി. നിരവധി ശക്തമായ കഥാപാത്രങ്ങളിലൂടെയാണ് താരം ആരാധകരെ അമ്പരപ്പിച്ചത്. കരിയറിന്റെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കെ അഭിനയത്തില്‍ നിന്ന് വിരമിക്കുന്നതായി അറിയിച്ചിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.


ഇതുവരെയുള്ള പിന്തുണയ്ക്ക് നന്ദി പറഞ്ഞ താരം ഇനിയുള്ള കാലം കുടുംബത്തിലേക്ക് ചുരുങ്ങാനാണ് തീരുമാനമെന്നും താരം കുറിച്ചു. അടുത്ത വര്‍ഷം രണ്ട് സിനിമ റിലീസ് ഉണ്ടെന്നും അതിനു ശേഷം തന്നെ ബിഗ് സ്‌ക്രീനില്‍ കാണില്ലെന്നുമാണ് താരം പറഞ്ഞത്. 37ാം വയസിലാണ് താരം അഭിനയ ജീവിതം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. താരത്തിന്റെ പ്രഖ്യാപനത്തില്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്.

‘ഹലോ, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ അസാധാരണമായിരുന്നു. നിങ്ങളുടെ മായാത്ത പിന്തുണയ്ക്ക് ഞാന്‍ ഓരോരുത്തര്‍ക്കും നന്ദി പറയുന്നു. എന്നാല്‍ ഞാന്‍ മുന്നോട്ട് പോകുമ്പോള്‍, വീട്ടിലേക്ക് മടങ്ങാനുള്ള സമയമായെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഒരു ഭര്‍ത്താവ്, പിതാവ്, മകന്‍ എന്ന നിലയില്‍. ഒപ്പം ഒരു നടന്‍ എന്ന നിലയിലും. അതിനാല്‍, 2025-ല്‍ നമ്മള്‍ പരസ്പരം അവസാനമായി കാണും. അവസാന 2 സിനിമകളും ഒരുപാട് വര്‍ഷത്തെ ഓര്‍മ്മകളുമുണ്ട്. വീണ്ടും നന്ദി. എല്ലാത്തിനും എന്നേക്കും കടപ്പെട്ടിരിക്കുന്നു’ വിക്രാന്ത് മാസി കുറിച്ചു.

നടന്റെ വിരമിക്കല്‍ പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. കരിയറില്‍ ഏറ്റവും മികവില്‍ നില്‍ക്കുമ്പോള്‍ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മികച്ച അഭിനേതാവാണെന്നും തീരുമാനം പിന്‍വലിക്കണമെന്നും ആവശ്യപ്പെടുന്നവരും നിരവധിയാണ്.

Leave a Reply