മംഗളൂരു: അണക്കെട്ടിൽ നീന്താനിറങ്ങിയ കുട്ടികൾ മുങ്ങി മരിച്ചു. കർണാടകയിലെ ഉഡുപ്പി ജില്ലയിൽ ബെൽവെ ഗുമ്മോൾ അണക്കെട്ടിലാണ് രണ്ട് കുട്ടികൾ നീന്താനിറങ്ങിയത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. 13 വയസ്സുകാരനായ ശ്രീഷ് ആചാര്യ, 14 കാരൻ ജയന്ത് നായ്ക് എന്നിവരാണ് മരിച്ചത്. ഹെബ്രി എസ്.ആർ.എസ് സ്‌കൂൾ ഏഴ്, എട്ട് ക്ലാസ് വിദ്യാർഥികളാണ് പ്രദേശവാസികളായ ഇരുവരും.
മരിച്ച കുട്ടികൾ ഉൾപ്പെടെ നാലുപേരാണ് നീന്താൻ വന്നതെന്ന് പൊലീസ് പറഞ്ഞു. ശ്രീഷ് ആഴമുള്ള ഭാഗത്തേക്ക് തെന്നിവീഴുകയായിരുന്നു. രക്ഷിക്കാൻ ചാടിയ ജയന്തും മുങ്ങിപ്പോയി. മറ്റു രണ്ട് കുട്ടികൾ നിലവിളിച്ചതിനെത്തുടർന്ന് എത്തിയ നാട്ടുകാരും വിവരം അറിഞ്ഞ് വന്ന പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.